അഞ്ചാം പനി സംസ്ഥാനത്ത് വ്യാപകമാകുന്നു; പൊതുജനങ്ങള്‍ ജാഗ്രതപാലിക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

  • Post category:news
  • Reading time:2 mins read
You are currently viewing അഞ്ചാം പനി സംസ്ഥാനത്ത് വ്യാപകമാകുന്നു; പൊതുജനങ്ങള്‍ ജാഗ്രതപാലിക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

കാസര്‍കോട്: അഞ്ചാം പനി സംസ്ഥാനത്ത് വ്യാപകമാകുന്നു. അഞ്ചാം പനി പോലെയുളള വായുവില്‍ക്കൂടി പകരുന്ന രോഗങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുളളതിനാല്‍ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. അഞ്ചാംപനി വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ്. ആദ്യത്തെ നാലോ അഞ്ചോ ദിവസം പനിയും മൂക്കൊലിപ്പും കണ്ണിന് ചെറിയ ചുവപ്പും ഉണ്ടാകും. അതിന് ശേഷം തൊലിപ്പുറത്ത് മണല്‍ കോരിയിട്ടപോലുളള പൊക്കലുകള്‍, മുഖത്തും കഴുത്തിലും പിന്നെ ദേഹമാസകലം ഉണ്ടാകുന്നു. അഞ്ചാറു ദിവസത്തിനുളളില്‍ പൊക്കലുകള്‍ മാഞ്ഞുപോവുകയും പനി കുറയുകയും ചെയ്യും.സാധാരണഗതിയില്‍ മാരകമല്ലെങ്കിലും പ്രതിരോധശേഷി കുറഞ്ഞവരിലും പോഷകാഹാരക്കുറുളളവരിലും പ്രതിരോധകുത്തിവയ്പുകള്‍ യഥാസമയം എടുക്കാത്തവരിലും വയറിളക്കരോഗങ്ങള്‍, ബ്രോങ്കോ ന്യൂമോണിയ, തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ്, മയോകാര്‍ഡൈറ്റിസ് തുടങ്ങിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. യഥാസമയം വിദഗ്ദ്ധ ചികിത്സ നല്‍കാത്തപക്ഷം മരണം വരെ സംഭവിക്കാം. കുട്ടികള്‍ക്ക് ഈരോഗബാധയുണ്ടാവാതിരിക്കാനായി ഒമ്പത് മാസം പൂര്‍ത്തിയാകുമ്പോള്‍ മീസില്‍സ് പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമായും എടുക്കണം. രോഗപകര്‍ച്ച ഒഴിവാക്കുവാനായി രോഗിയെ വീട്ടിനുളളില്‍ കിടത്തി വേണ്ടത്ര വിശ്രമം നല്‍കണം. ആവശ്യാനുസരണം വെളളവും പഴവര്‍ഗ്ഗങ്ങളും നല്‍കണം. മീസില്‍സ് വാക്‌സിന്‍ കൊടുത്ത് പ്രതിരോധിക്കാവുന്ന ഈ രോഗം ഉണ്ടായാല്‍ ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച് വേണ്ട മുന്‍കരുതല്‍ നടപടികള്‍ എടുക്കണമെന്നും ആരോഗ്യ-ആശ പ്രവര്‍ത്തകര്‍ക്ക് എല്ലാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.മോഹനന്‍ അറിയിച്ചു. ലോകത്ത് മാസം ഒന്നരലക്ഷത്തോളം കുട്ടികളാണ്‌ മരണപ്പെടുന്നത്. അതിന്റെ നാല്‍പതുശതമാനവും ഇന്ത്യയിലാണ്. കാസര്‍കോട് ജില്ലയില്‍ മാത്രം മാസം 18 മുതല്‍ 23 കുട്ടികളാണ് മരിച്ചത്. അതിനാല്‍ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഒരുമാസക്കാലം നീണ്ടു നില്‍ക്കുന്ന മീസില്‍സ്-റൂബല്ല പ്രതിരോധ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുകയാണ് ആരോഗ്യവകുപ്പ്. ഒമ്പതു മാസത്തിനും 15 വയസ്സിനുമിടയിലുള്ള കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന പ്രതിരോധ കുത്തിവെയ്പ്പില്‍ നിന്നും വിട്ടു നല്‍ക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനാണ് പ്രത്യേക തരത്തിലുള്ള മഷി പുരട്ടുന്നത്. മീസില്‍സ്-റൂബല്ല പ്രതിരോധ കുത്തി വെയ്പ് നല്‍കേണ്ടതായി 3,21,309 കുട്ടികളാണ് കാസര്‍കോട് ജില്ലയിലുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും സ്‌ക്കൂളുകളിലെത്തി കുത്തിവെയ്പ്പ് നല്‍കും. മൂന്നാഴ്ച സ്‌കൂളില്‍ വച്ചും ബാക്കി സമയം അങ്കനവാടിയില്‍ വച്ചും കുത്തിവപ്പ് നല്‍കും. കാസര്‍കോട്ട് അടുത്തമാസം മൂന്നിനാണ് പരിപാടി തുടങ്ങുന്നതെന്ന ഡോ.ജിതേന്ദ്ര റായി, ഡോ.മുരളീധരന്‍ നെല്ലൂരായ, മുഹമ്മദ്, സുഗതന്‍, പി.എസ് സുജ എന്നിവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പൊതുജനങ്ങള്‍ രോഗത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍

കുട്ടികളെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് അഞ്ചാം പനി അഥവാ പൊങ്ങന്‍ പനി. മീസില്‍സ് വൈറസാണ് ഈ രോഗത്തിനു കാരണം. റുബിയോള, റെഡ് മീസില്‍സ് എന്ന പേരുകളിലും ഈ രോഗം അറിയപ്പെടുന്നു. അഞ്ചാം പനി ബാധിച്ചാല്‍, ചര്‍മ്മത്തിലുടനീളം കുരുക്കളും പാടുകളും ഉണ്ടാവുകയും പനി, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്യും. എന്നാല്‍, പ്രതിരോധ കുത്തിവയ്പിലൂടെ അഞ്ചാം പനിയെ മിക്കവാറും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്.വായുവിലൂടെ പകരുന്ന രോഗമാണ് മീസില്‍സ്. അണുബാധയുള്ള കുട്ടിയുടെ അല്ലെങ്കില്‍ മുതിര്‍ന്നവരുടെ മൂക്കിലും തൊണ്ടയിലും വച്ചാണ് വൈറസ് ഇരട്ടിക്കുന്നത്. മീസില്‍സ് വൈറസ്ബാധയുള്ള ആള്‍ ചുമയ്ക്കുമ്പോള്‍, ചീറ്റുമ്പോള്‍ അല്ലെങ്കില്‍ സംസാരിക്കുമ്പോള്‍ പുറത്തേക്കു തെറിക്കുന്ന തുള്ളികളില്‍ വൈറസ് ഉണ്ടായിരിക്കുകയും അവ വായുവില്‍ കലരുകയും ചെയ്യുന്നു. ഇത് ശ്വസിക്കുന്നവര്‍ക്ക് മീസില്‍സ് അണുബാധയുണ്ടാകുന്നു.ഇത്തരം തുള്ളികള്‍ ഏതെങ്കിലും പ്രതലത്തില്‍ പതിക്കുകയാണെങ്കില്‍ ആ സ്ഥലവും മലിനമാകും. വൈറസുകള്‍ക്ക് മണിക്കൂറുകളോളം സജീവമായി നിലകൊള്ളാന്‍ കഴിയുമെന്നതിനാല്‍ അത്തരം പ്രതലങ്ങളില്‍ സ്പര്‍ശിച്ച ശേഷം വായ, കണ്ണ്, മൂക്ക് എന്നിവിടങ്ങളില്‍ സ്പര്‍ശിച്ചാല്‍ അണുബാധയുണ്ടാകാം.

 

0Shares