അങ്ങനെ ഫേസ്ബുക്ക് മാട്രിമോണി തുണയായി; മലപ്പുറത്തെ ജ്യോതിക്ക് ജീവിത പങ്കാളിയായി എത്തിയത് തമിഴ് നാട്ടിലെ പോലിസുകാരന്‍

  • Post category:news
  • Reading time:1 min read
You are currently viewing അങ്ങനെ ഫേസ്ബുക്ക് മാട്രിമോണി തുണയായി; മലപ്പുറത്തെ ജ്യോതിക്ക് ജീവിത പങ്കാളിയായി എത്തിയത് തമിഴ് നാട്ടിലെ പോലിസുകാരന്‍

മലപ്പുറം: അങ്ങനെ ഫേസ്ബുക്ക് മാട്രിമോണി തുണയായപ്പോള്‍ ജ്യോതിക്ക് തമിഴ് നാട് സ്വദേശിയായ വരനെ ലഭിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് മലപ്പുറം സ്വദേശിനിയായ ജ്യോതി തന്റെ പ്രൊഫൈല്‍ വാളിലൊരു വരനെ തേടിയുള്ള പോസ്റ്റിട്ടത്. ആ പോസ്റ്റ് ഇങ്ങനെയായിരുന്നു. ”എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. സുഹൃത്തുക്കളുടെ അറിവില്‍ ഉണ്ടെങ്കില്‍ അറിയിക്കുക. ഡിമാന്റുകള്‍ ഇല്ല, ജാതി പ്രശ്നമല്ല, എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഞാന്‍ ഫാഷന്‍ ഡിസൈനിങ് പഠിച്ചിട്ടുണ്ട്.” ഈ പോസ്റ്റിട്ട് രണ്ട് മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ജ്യോതിയുടെ അടുത്ത പോസ്റ്റുമെത്തിയിരിക്കുന്നു. ഒപ്പം ഫോട്ടോയുമുണ്ട് കൂടെ ഇങ്ങനെയൊരു കുറിപ്പും. ”ഇതാണ് എന്റെ ജീവിത പങ്കാളി പേര് രാജ്കുമാര്‍. തമിഴ്നാട് സ്പെഷല്‍ പൊലീസില്‍ ജോലി ചെയ്യുന്നു. തമിഴ്നാട് ബര്‍ഗൂര്‍ സ്വദേശിയാണ് രാജ്കുമാര്‍.” ഈ സന്തോഷവാര്‍ത്തയ്ക്ക് ജ്യോതി കടപ്പെട്ടിരിക്കുന്നത് ഫേസ്ബുക്കിനോടാണ്. അതോടൊപ്പം എല്ലാ ഫേസ്ബുക്ക് സഹോദരീ സഹോദരന്മാര്‍ക്കും. പിന്നെ കല്‍ക്കി അമ്പലത്തിനുമെന്ന് അവള്‍ ഫേസ് ബുക്കില്‍ കുറിച്ചു.മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയായ രഞ്ജിഷ് മഞ്ചേരിയാണ് ആദ്യമായി ഫേസ്ബുക്കിനെ മാട്രിമോണിയല്‍ സൈറ്റായും ഉപയോഗപ്പെടുത്താം എന്ന് തെളിയിച്ചത്. അതേ പാത പിന്തുടര്‍ന്നായിരുന്നു ജ്യോതിയും വിവാഹ ആലോചനയ്ക്കായി ഫേസ്ബുക്കിനെ ആശ്രയിച്ചത്. ജ്യോതിക്ക് അച്ഛനും അമ്മയുമില്ല. ഒരു സഹോദരനും സഹോദരിയും മാത്രമാണുള്ളത്. എന്തായാലും വിവാഹം തീരുമാനിച്ചതിന്റെ സന്തോഷത്തിലാണ് ജ്യോതി. മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് ജ്യോതി പറയുന്നു. എന്തായാലും ശനിയാഴ്ച ജ്യോതിയുടെ വിവാഹ നിശ്ചയം ഭംഗിയായി നടന്നിരിക്കുകയാണ്.

0Shares