അംഗീകൃത പാസ് ഇല്ലാത്തവരെ കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കേണ്ടതില്ല; കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing അംഗീകൃത പാസ് ഇല്ലാത്തവരെ കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കേണ്ടതില്ല;  കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍

കാസര്‍കോട്: അംഗീകൃത പാസ് ഇല്ലാത്തവരെ കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കേണ്ടതില്ല എന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിദ്യാഭ്യാസ വര്‍ഷം ആരംഭത്തിന് മുമ്പോ ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കകമോ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെയും ബസ് ഉടമസ്ഥ സംഘത്തിന്റെയും യോഗങ്ങള്‍ കലക്ടര്‍ വിളിച്ച് ചേര്‍ക്കുമായിരുന്നു. എന്നാല്‍ ഈ വര്‍ഷം അദ്ധ്യയന വര്‍ഷമാരംഭിച്ച് മാസം കഴിഞ്ഞിട്ടും അത്തരം യോഗം വിളിച്ചു ചേര്‍ക്കാന്‍  ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. മാത്രമല്ല കൃത്യമായ പരിശോധനയിലൂടെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പാസ് അനുവദിക്കുന്നതിന് പകരം യാതൊരു പരിശോധനയുമില്ലാതെ അനര്‍ഹര്‍ക്കാണ് ആര്‍.ടി.എ അധികൃതര്‍ പാസ് അനുവദിക്കുന്നത് എന്നും സംഘടന ആരോപിക്കുന്നു.

നിരുത്തരവാദപരമായ ഈ സമീപനമാണ് ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടവരുത്തുന്നത്. അടിയന്തിരമായി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല എങ്കില്‍ ജൂണ്‍ 9 മുതല്‍ അംഗീകൃത പാസ് ഇല്ലാത്തവരെ കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കേണ്ടതില്ലെന്നും ജൂലായ് 9 മുതല്‍ പാസ് പരിശോധന കര്‍ശനമാക്കുമെന്നും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഇന്നലെ ചേര്‍ന്ന അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

ജോ. സെക്രട്ടറി ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. സി.എ. മുഹമ്മദ് കുഞ്ഞി, എം. ഹസൈനാര്‍, പി.എ. മുഹമ്മദ് കുഞ്ഞി, ശ്രീപതി, രാധാകൃഷ്ണന്‍, സി.രവി, പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

0Shares