ശബരിമല സ്ത്രീ പ്രവേശം സംഘപരിവാര്‍ സമരം ഇരട്ടത്താപ്പ്; സംഘപരിവാര്‍ എന്തുകൊണ്ട് സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്നില്ല

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല സ്ത്രീ പ്രവേശം സംഘപരിവാര്‍ സമരം ഇരട്ടത്താപ്പ്; സംഘപരിവാര്‍ എന്തുകൊണ്ട് സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്നില്ല

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സംഘപരിവാര്‍ സമരം ഇരട്ടത്താപ്പും സ്വന്തം നിലപാടില്‍ നിന്നുള്ള ഒളിച്ചോട്ടവും. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വം വഹിക്കുന്ന ആര്‍എസ്എസും ബിജെപി കേന്ദ്രനേതൃത്വവും സ്ത്രീപ്രവേശനത്തെ ന്യായീകരിക്കുമ്പോഴാണ് ഇവിടെ ബി.ജെ.പി സംസ്ഥാന നേതൃത്വവും സംഘപരിവാറും കലാപത്തിന് ശ്രമിക്കുന്നത്. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുക്കുകയെന്ന തന്ത്രമാണ് ഇതിനു പിന്നില്‍. സുപ്രീം കോടതിവിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയാണ് സമരം. എന്നാല്‍, വിധി നടപ്പാക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്.വിധിയില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ അവസരമുണ്ട്. ഏതെങ്കിലും സംഘപരിവാര്‍ സംഘടന അതിന് തയ്യാറാകുന്നില്ല. കേന്ദ്രം ഭരിക്കുന്നതും ബിജെപിയാണ്. കേന്ദ്രസര്‍ക്കാരിനും പുനഃപരിശോധന ഹര്‍ജി നല്‍കാം. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ആത്മാര്‍ഥതയുള്ളതാണെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടത്. കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോഴും കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നില്ല. സ്ത്രീപ്രവേശനത്തെ എതിര്‍ക്കുകയാണെങ്കില്‍ അത് കോടതിയില്‍ അറിയിക്കാന്‍ അവസരമുണ്ടായിരുന്നു.
ബി.ജെ.പി സര്‍ക്കാര്‍ അതിനുതയ്യാറായില്ല. ആര്‍.എസ്.എസിന്റെയും ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെയും നിലപാട് സ്ത്രീപ്രവേശനത്തിന് അനുകൂലമായതിനാലാണ് ഇത്തരം സമീപനം കോടതിയില്‍ സ്വീകരിച്ചതും. 2016 ല്‍ ചേര്‍ന്ന ആര്‍.എസ ്എസ് ദേശീയ ബൈഠകില്‍ സ്ത്രീപ്രവേശം അനിവാര്യമാണെന്ന നിലപാടാണ് സ്വീകരിച്ചത്.ആര്‍.എസ്.എസിന്റെയും ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെയും നിലപാട് മാറ്റിയില്ലെന്നിരിക്കെ ഇവിടെ സമരം നടത്തുന്നത് ഇരട്ടത്താപ്പ് മാത്രമാണ്. കേരളത്തിലെ അയ്യപ്പഭക്തര്‍ക്കിടയില്‍ അസ്വസ്ഥതയും വിദ്വേഷവും വിതയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള ഏകപക്ഷീയമായി പ്രഖ്യാപിച്ച സമരത്തെ മറ്റുനേതാക്കള്‍ ഇനിയും അംഗീകരിച്ചിട്ടുമില്ല. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്കിടയില്‍ത്തന്നെയുള്ള ഭിന്നതയാണ് ഇത് വ്യക്തമാക്കുന്നത്.സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന്‍ പ്രവേശം അനുവദിക്കണമെന്നും നിത്യപൂജ വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.

0Shares