പുറത്താക്കിയ അധ്യാപികയെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു; ആറുവർഷത്തെ നിയമയുദ്ധത്തിന് ശേഷം തിരിച്ചെടുക്കാൻ നിർദ്ദേശിച്ചത് കാസര്‍കോട് പള്ളത്തടുക്ക എ. യു. പി.സ്കൂൾ അധ്യാപിക റോജയെ

  • Post category:news
  • Reading time:2 mins read
You are currently viewing പുറത്താക്കിയ അധ്യാപികയെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു; ആറുവർഷത്തെ നിയമയുദ്ധത്തിന് ശേഷം തിരിച്ചെടുക്കാൻ നിർദ്ദേശിച്ചത് കാസര്‍കോട് പള്ളത്തടുക്ക എ. യു. പി.സ്കൂൾ അധ്യാപിക റോജയെ

പീതാംബരന്‍ കുറ്റിക്കോല്‍

കാസര്‍കോട്: ഡിവിഷൻ നഷ്ടപ്പെട്ടതിനെ തുടർന്ന് സ്കൂൾ മാനേജ്‌മന്റ് പുറത്താക്കിയ അധ്യാപികയെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതിയും ശരിവെച്ചു. കുമ്പള, പള്ളത്തടുക്ക എ. യൂ. പി. സ്കൂൾ അധ്യാപിക കെ. റോജയെ തിരിച്ചെടുക്കണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവാണ് സ്കൂൾ മാനേജരുടെ അപ്പീൽ തള്ളി ആദ്യം ഹൈക്കോടതിയും ഇപ്പോൾ സുപ്രീംകോടതിയും ശരിവെച്ചത്. 2017 ഒക്ടോബർ 30 നാണു സുപ്രീം കോടതി ജസ്റ്റിസുമാരായ ആദർശ് കുമാർ ഗോയൽ, ഉദയ് ഉമേഷ് ലളിത് എന്നിവര്‍ വിധി പ്രസ്താവം നടത്തിയത്. രാജ്യത്തെ പരമോന്നത കോടതിയുടെ സുപ്രധാന വിധിയോടെ ഒരു എയ്ഡഡ് സ്കൂൾ അധ്യാപികയുടെ നീണ്ട ആറു വര്‍ഷങ്ങളുടെ നിയമ പോരാട്ടങ്ങൾക്ക് വിരാമമായി. സ്ത്രീയെന്ന പരിഗണനപോലും നൽകാതെയാണ് ഈ അധ്യാപികയ്ക്ക് അധികൃതരുടെ ഭാഗത്തു നിന്നും കടുത്ത നിസ്സംഗത നേരിടേണ്ടിവന്നത്.

2000 ജൂലൈ 12 നു നിയമനം കിട്ടിയ റോജയെ ഡിവിഷൻ നഷ്ടപ്പെട്ടതിനെ തുടർന്ന് 2009 ജൂലൈ 15 നാണു പുറത്താക്കിയത്. 2011ഏപ്രിൽ ഒന്നിന് ഇതേ സ്കൂളിൽ കന്നഡ വിഭാഗത്തിൽ ഒഴിവു വന്നെങ്കിലും കന്നഡ ഭാഷപരീക്ഷാ യോഗ്യത നേടിയ റോജയെ ഒഴിവാക്കി മറ്റൊരാളെ നിയമിക്കുകയായിരുന്നു. ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ ഇതേ സ്കൂളിൽ തുടർന്ന് വരുന്ന ഒഴിവുകളിൽ നിയമിക്കണമെന്ന ചട്ടം സ്കൂൾ മാനേജർ ലംഘിച്ചു. മാനേജരുടെ പുതിയ അധ്യാപക നിയമനത്തെ അംഗീകരിക്കാതെ സർക്കാർ റോജയെ നിയമിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

സർക്കാരിന്റെ ഉത്തരവ് സ്കൂൾ മാനേജർ നടപ്പിലാക്കാത്തതിനെതിരെ റോജ 2011ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് സ്കൂൾ മാനേജർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ കുമ്പള എ. ഇ. ഒ യോട് നിർദേശിച്ചു. ഇതിനെതിരെ സ്കൂൾ മാനേജർ പി. ഹരികുമാർ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചുവെങ്കിലും റോജയെ അധ്യാപിക തസ്തികയിൽ നിയമിക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കണമെന്നായിരുന്നു 2014ലെ കോടതി നിർദേശം. ഡി. പി. ഐ, കുമ്പള എ. ഇ. ഒ, എ. ഇ. ഒ ഓഫീസിലെ സീനിയർ അസിസ്റ്റന്റ്, പള്ളത്തടുക്ക എ. യു. പി സ്കൂൾ മാനേജർ എന്നിവരോടാണ് ഉത്തരവു നടപ്പിലാക്കണമെന്ന് കോടതി നിര്‍ദ്ദേശമുണ്ടായത്.

മാനേജർ അനധികൃതമായി നിയമിച്ച അധ്യാപകൻ നൽകിയ ഹർജിയും കോടതി തള്ളി. ആറു വർഷമായി ജോലിചെയ്യുന്ന തനിക്കു ശമ്പളം നൽകുന്നില്ലെന്നും ജോലി സ്ഥിരപ്പെടുത്താൻ ഉത്തരവുണ്ടാകണമെന്നും ആവശ്യപ്പെട്ടായിരുന്നു അധ്യാപകന്റെ ഹർജി. കന്നഡ മാതൃഭാഷയായിട്ടുള്ള റോജയ്ക്കു കന്നഡ ഭാഷയിൽ മതിയായ യോഗ്യതയുണ്ട്. സ്കൂളിലെ അനധികൃത നിയമനം അംഗീകരിക്കാൻ തയ്യാറായിട്ടില്ലെങ്കിലും അർഹതപ്പെട്ട നിയമനത്തിന് നടപടികൾ സ്വീകരിക്കാതെ സ്കൂൾ മാനേജരെ സഹായിക്കുന്ന നിലപാടാണ് ചില ഉദ്യോഗസ്ഥർ ചെയ്തത്.

ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് നടപടിയെടുക്കാൻ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചപ്പോഴാണ് മാനേജർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. അപ്പീൽ ഹൈക്കോടതി തള്ളി.സ്കൂൾ മാനേജർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 2011 മാർച്ച് 31 നു വിരമിച്ച മറ്റൊരു അധ്യാപികയുടെ ഒഴിവിലേക്ക് റോജയെ നിയമിക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പിലായില്ല.

“ഹൈക്കോടതി സിംഗിൾ ബെഞ്ചു വിധി ഏറെ സന്തോഷം നൽകിയിരുന്നു. ഇപ്പോൾ സുപ്രീം കോടതിയുടെ വിധിയിൽ പ്രതീക്ഷയുണ്ട്. കോടതി വിധി വന്നെങ്കിലും, നടപ്പിലായാൽ മാത്രമേ പ്രതീക്ഷകൾക്ക് വകയുള്ളൂ. പുതിയ നിയമനത്തിന് നിയമ തടസം ഇല്ലെന്നതിനാൽ ഡി. പി. ഐ യുടെ നിർദ്ദേശ പ്രകാരം 2017 ജൂലൈ 15 നു സീനിയോറിറ്റി ഇല്ലാതെ ജോലി ചെയ്യുന്നതിന് അവസരം കിട്ടി. എങ്കിലും മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും തൊഴിൽ പരമായി കടുത്ത അവഗണയാണ് നേരിടേണ്ടി വരുന്നത്. ” കെ. റോജ ചാനൽ ആർബിയോട് പറഞ്ഞു.

കുടുംബത്തിന്റെയും സുഹൃത്തുക്കളുടയും പിന്തുണയും ഉപദേശങ്ങളുമാണ് റോജയ്ക്കു ഈ നീണ്ട നിയമപോരാട്ടത്തിനു കരുത്തുപകർന്നത്. കന്യാനയിലെ കെ. എച് കൃഷ്ണഭട്ടിന്റെ മകളും മീപ്പുഗിരിയിലെ താമസക്കാരനായ ഡി. ജയനാരായണന്റെ ഭാര്യയുമാണ് റോജ. മകൾ രജിത ഡി. മംഗളൂര് കോളേജിൽ അവസാന വർഷ എം. ബി. ബി. എസ് വിദ്യാർത്ഥിനിയും മകൻ മനോജ്‌കൃഷ്ണ വിദ്യാനഗർ കേന്ദ്രീയ വിദ്യാലയത്തിൽ പത്താം തരം വിദ്യാര്‍ത്ഥിയുമാണ്‌.

0Shares