കാസര്‍കോട്: കാറില്‍ ലോറിയിടിച്ച് എസ്.എഫ്.ഐ.ജില്ലാ സെക്രട്ടേറിയറ്റംഗം നുള്ളിപ്പാടി ചെന്നിക്കരയിലെ അഹമ്മദ് അഫ്സല്(23) മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്ക്കള്‍ക്ക് പരിക്കേറ്റു. പുല്ലൂരിലെ വിനോദ്(23) സീതാംഗോളിയിലെ നാസര്‍(23) എന്നിവരാണ് പരിക്കേറ്റ സുഹൃത്തുക്കള്‍. ഇന്ന് പുലര്‍ച്ചെ നാലരമണിക്ക് നായന്മാര്മൂല പാണലത്ത് കെ.വി.ആറിന്റെ ടാറ്റാമോട്ടോഴ്സ് സ്ഥാപനത്തിന് മുന്നിലാണ് അപകടം നടന്നത്.

എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളേജില്‍ നടന്നുവരുന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ അക്കമഡേഷന്‍ കമ്മിറ്റികണ്വീനറായിരുന്നു അഫ്സല്. കലോത്സവത്തില്‍ പങ്കെടുത്ത് വാഹനം കിട്ടാതിരുന്നവരെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വിട്ട് തിരിച്ചുപോകുമ്പോഴാണ് അപകടം നടന്നത്. പരിക്കേറ്റവരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഫ്സലിന്റെ മരണവുമായി ബന്ധപ്പെട്ട് എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവം തിങ്കളാഴ്ച്ചത്തേക്ക് മാറ്റി വച്ചു.

