ഓൺലൈൻ നെറ്റ് മാർക്കറ്റിങ്ങിനെതിരെ നിരീക്ഷണവുമായി പോലീസ് രഹസ്യാന്വേഷണ വിഭാഗം; പെട്ടെന്ന് പണമുണ്ടാക്കാനുള്ള ജനങ്ങളുടെ ആഗ്രഹത്തെ മുതലെടുത്താണ് നെറ്റ് മാർക്കറ്റിങ് കമ്പനികൾ സമൂഹത്തിൽ വലവിരിക്കുന്നത്

  • Post category:news
  • Reading time:1 min read
You are currently viewing ഓൺലൈൻ നെറ്റ് മാർക്കറ്റിങ്ങിനെതിരെ നിരീക്ഷണവുമായി പോലീസ് രഹസ്യാന്വേഷണ വിഭാഗം;  പെട്ടെന്ന് പണമുണ്ടാക്കാനുള്ള ജനങ്ങളുടെ ആഗ്രഹത്തെ മുതലെടുത്താണ് നെറ്റ് മാർക്കറ്റിങ് കമ്പനികൾ സമൂഹത്തിൽ വലവിരിക്കുന്നത്

പീതാംബരൻ കുറ്റിക്കോൽ

കാസർകോട്: കണ്ണൂർ, കാസർകോട് ജില്ലകളിൽ സജീവമായ ഓൺലൈൻ നെറ്റ് മാർക്കറ്റിങ്ങിനെതിരെ പോലീസ് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ആരംഭിച്ചു. ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ കമ്പനി പ്രതിനിധികൾക്കെതിരെ പയ്യന്നൂർ പോലീസ് ക്രൈംനമ്പർ 787 / 2019 പ്രകാരം കേസ്സെടുത്ത് അന്വേഷണം തുടങ്ങി. മോട്ടിവേഷൻ ക്ലാസ്, ഹോങ്കോങ്, മലേഷ്യ ട്രിപ്പ്, ലാപ്ടോപ്പ് തുടങ്ങിയവ നൽകിയാണ് യുവജനങ്ങളെ ആകർഷിക്കുന്നതെന്നും പയ്യന്നൂർ പോലീസ് പറഞ്ഞു.

പെട്ടെന്ന് പണമുണ്ടാക്കാനുള്ള യുവാക്കളുടെ ആഗ്രഹത്തെ മുതലെടുത്താണ് ഇത്തരം നെറ്റ് മാർക്കറ്റിങ് കമ്പനികൾ സമൂഹത്തിൽ വലവിരിക്കുന്നത്. പയ്യന്നൂർ, കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നെറ്റ് മാർക്കറ്റിങ്ങിന്‍റെ പ്രവർത്തനങ്ങൾക്ക് ഉന്നത ബിരുദധാരികളായ നൂറുകണക്കിന് യുവതീയുവാക്കൾ രംഗത്തുണ്ട്. മലയോര- തീരദേശ മേഖലകളിൽ ശൃംഖലകൾ ശക്തമായിക്കൊണ്ടിരിക്കുന്ന ഈ സസാമ്പത്തിക വ്യാപാരത്തിന് ഹോങ്കോങ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ മാർക്കറ്റിങ് കമ്പനിയുടെ ഉത്പന്നങ്ങളാണ്  ഉപയോഗിക്കുന്നത്.

ഹോങ്കോങ് കമ്പനി യൂറോപ്യൻ രാജ്യങ്ങൾ സംശയത്തിന്‍റെ ബലത്തിൽ നിരോധിച്ചവയിൽ ഉൾപ്പെട്ട കമ്പനിയാണെന്ന വിവരമുണ്ട്. ഇ- കൊമേഴ്‌സ് ഫ്‌ളാറ്റുഫോമിലാരംഭിച്ച ഹോങ്കോങ് കമ്പനി 1998 -ലാണ് സ്ഥാപിച്ചത്. 2020 -വരെ ലോക ഇന്റർനെറ്റ് ട്രാഫിക്കിലില്ലെന്നത് കമ്പനിയുടെ അവിശ്വാസ്യതയെ കാണിക്കുന്നു. അംഗീകാരമില്ലാത്ത ഇത്തരം നിരവധി ഓൺലൈൻ നെറ്റ് മാർക്കറ്റിങ് സംഘങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.

30,000 രൂപമുതൽ 1,20,000 രൂപ വരെ ഓൺലൈൻ സാധനങ്ങൾ വാങ്ങി രജിസ്‌ട്രേഷൻ ചെയ്യുന്ന ഒരാൾ ഡിസ്ട്രിബ്യുട്ടർ എന്ന നിലയിൽ രജിസ്റ്റർ ചെയ്യപ്പെടുകയും ഇയാൾക്ക് രണ്ടോ അതിൽ കൂടുതലോ വ്യക്തിഗത പ്രതിനിധികളെ ചേർക്കാം എന്നാണ് കമ്പനി നിർദേശിക്കുന്നത്. ഇവർ ഓൺലൈനിൽ രജിസ്റ്റർ ചെയ്യുമ്പോൾ 14 ശതമാനം ഒരാളിൽ നിന്നും കമ്മീഷനായി ലഭിക്കുമെന്നാണ് ബിസിനസ് കൗൺസിലർമാർ നൽകുന്ന വാഗ്‌ദാനം. എട്ടുമുതൽ പതിനഞ്ചുവരെയുള്ള ലെവലുകളിലെത്തുമ്പോൾ ലക്ഷകണക്കിന് രൂപ ഇവരുടെ അകൗണ്ടിലെത്തുമെന്നാണ് പറയുന്നത്.

ഫിലിപ്പീൻസ്, ശ്രീലങ്ക, ഇന്ത്യ, മലേഷ്യ, എന്നിവിടങ്ങളിൽ ഈ കമ്പനിക്കെതിരെ കേസുകളുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഹോങ്കോങ് കമ്പനിയാണെങ്കിലും ഹോങ്കോങ് ഡയറക്‌ട്‌ സെല്ലിങ് അസോസിയേഷനിൽ ഇവർക്ക് അംഗത്വമില്ലന്നും സൂചനയുണ്ട്. തൊഴിൽ രഹിതരായ യുവതീയുവാക്കളെ മോഹന വാഗ്‌ദാനങ്ങൾ നൽകി വലയിലാക്കി കോടിക്കണക്കിന് രൂപ തട്ടാനാണ് ഇത്തരം സംഘങ്ങൾ ശ്രമിക്കുന്നത്.

0Shares