
ചെർക്കള(കാസർകോട്): കാസർകോട്ടുനിന്നും കർണാടകയിലെ സുള്ള്യയിലേക്കുള്ള അന്തർ സംസ്ഥാന പാതയിൽ അപകടത്തിലായ മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി. ജില്ലാ കലക്ടറുടെ അടിയന്തിര ഇടപെടലിനെ തുടർന്നാണ് മരങ്ങൾ വെട്ടിമാറ്റുന്നത്. കര്‍മ്മന്തൊടി മുതല്‍ ആദൂര്‍ വരെയുള്ള പാതയില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങളും ചില്ലകളുമാണ് തിങ്കളാഴ്ച്ച രാവിലെ മുതൽ വെട്ടി മാറ്റിയത്. വനം വകുപ്പ്, റവന്യൂ, ഫയർ ഫോഴ്സ് , കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ചേർന്ന് നാട്ടുകാരുടെ സഹകരണത്തോടെയായിരുന്നു പ്രവൃത്തി ആരംഭിച്ചത്. അടുത്ത രണ്ട് ദിവസം കൊണ്ട് പണി പൂർത്തീകരിക്കാനാകുമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. ഈ ഭാഗങ്ങളിൽ അപകടം പതിവായതിനാലാണ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു നേരിട്ടെത്തി അടിയന്തിര നടപടി കൈകൊണ്ടത്. തികളാഴ്ച്ച രാവിലെ ഏഴ് മണി മുതൽ പണി ആരംഭിക്കുന്നത് വരെ കലക്ടർ ഓരോ സ്ഥലങ്ങൾ സന്ദർശിക്കുകയും ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശം നൽകുകയുമായിരുന്നു.
ജില്ലയിൽ മഴ ശക്തമായ പശ്ചാത്തലത്തിൽ പല സ്ഥലങ്ങളിലും മരങ്ങൾ കട പുഴകി വീഴുകയും വൻ നാശ നഷ്ട്ടമുണ്ടാകുകയും ചെയ്തിരുന്നു. അതിനാൽ ജില്ലാ കളക്ടർ നേരിട്ട് അതാത് വകുപ്പ് ഉദ്യോഗസ്ഥർക്ക് അപകടത്തിലായ മരങ്ങൾ മുറിച്ചു മാറ്റാൻ നിർദേശം നൽകിയിരുന്നു. മാസങ്ങൾക്ക് മുമ്പ് തന്നെ ചെർക്കള – ജാൽസൂർ റോഡരികിൽ അപകടത്തിലുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകിയിരുന്നു. എന്നാൽ ചില സാകേതിക തടസങ്ങൽ കാരണം നടപടി വൈകി. ഇതറിഞ്ഞ ജില്ലാ കലക്ടർ ശനിയാഴ്ച്ച ബോവിക്കാനം, കാറഡുക്ക, മുള്ളേരിയ ഭാഗങ്ങളിൽ പരിശോധന നടത്തുകയും അതാത് വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചു വരുത്തി അടിയന്തിര നടപടി കൈക്കൊള്ളാൻ നിർദേശിച്ചു.
മുള്ളേരിയയിൽ ഈ അടുത്തിടെ മരം വീണ് വാഹന യാത്രക്കാരൻ മരിച്ചിരുന്നു. മരം അപകടത്തിലാണെന്നും യാത്രക്കാർക്ക് ഭീഷണിയാണെന്നും ചൂണ്ടികാട്ടി നാട്ടുകാർ നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ് കളക്ടർ നേരിട്ടെത്തി ഒരു ദിവസം കൊണ്ട് നടപ്പിലാക്കിയത്.
ചെർക്കള – ജാൽസൂർ സംസ്ഥാന പാതയിൽ മാത്രം 50 ഓളം മരങ്ങളും നൂറിൽ അതികം മരചില്ലകളുമാണ് മുറിച്ചു മാറ്റേണ്ടി വരിക. മുറിച്ചു മാറ്റുന്ന ഓരോ മരത്തിനും പകരമായി രണ്ട് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കണമെന്നാണ് കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.
