സൗരവ്- ഡോണ; പ്രണയസാഫല്യത്തിന്റെ ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing സൗരവ്- ഡോണ; പ്രണയസാഫല്യത്തിന്റെ ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍

ബംഗാൾ കടുവ, കൊൽക്കത്തയുടെ രാജകുമാരൻ, ഓഫ്‌സൈഡിന്റെ ദൈവം, വിശേഷണങ്ങൾ അനവധിയാണ് സൗരവ് ഗാംഗുലിക്ക്. ഓരോന്നും കളിക്കളത്തിലെ പ്രകടനം കൊണ്ട് നേടിയെടുത്തതാണ്…ചാർത്തിക്കിട്ടിയതാണ്. സ്റ്റീവ് വോയുടെ അഹങ്കാരത്തിന് അതേ നാണയത്തിൽ മറുപടി നൽകിയും, വെള്ളക്കാരുടെ അഹന്തയ്ക്കുമേൽ ജേഴ്സി ഊരിക്കറക്കിയും ഇന്ത്യൻ ജനതയെ പുളകം കൊള്ളിച്ച ദാദയുടെ ‘ഒളിച്ചോട്ടത്തിന്’ കഴിഞ്ഞ ഇരുപതാം തീയതി 21 വർഷം തികഞ്ഞു.

ബോളിവുഡ് സിനിമയെ വെല്ലുന്ന പ്രണയമായിരുന്നു സൗരവിനും ഡോണയ്ക്കുമിടയിൽ. അയൽക്കാരെങ്കിലും ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ല. കുഞ്ഞുനാൾ മുതലേ ഇരുവരിലും പ്രണയം മൊട്ടിട്ടിരുന്നുവെങ്കിലും ഗാംഗുലിയുടെ ദേശീയടീമിലെ അരങ്ങേറ്റമാണ് നിർണ്ണായക വഴിത്തിരിവായത്.

അരങ്ങേറ്റത്തിലെ സെഞ്ചുറിയോടെ സൗരവ് നിമിഷാർദ്ധം കൊണ്ട് മിന്നുംതാരമായി. പ്രശസ്തിയിലേക്കുയർ ന്നാൽ ഡോണയെ എന്നെന്നേക്കുമായി കൈവിട്ടുപോയേക്കുമെന്ന് ഭയന്ന താരം ഇന്ത്യയിൽ തിരിച്ചെത്തിയ ഉടൻ സുഹൃത്ത് ബാനർജിയെ ഫോണിൽ വിളിച്ച് ഇങ്ങനെ പറഞ്ഞു ‘എനിക്ക് കല്യാണം കഴിക്കണം’ ബാനർജിക്ക് എന്തെങ്കിലും പറയാനാവുന്നതിനു മുൻപ് സൗരവ് ഇത്രകൂടി കൂട്ടിച്ചേർത്തു “ഞാനവളെ സ്വന്തമാക്കാൻ തുനിയുന്നുവെങ്കിൽ, ഇതാണ് സമയം”. ദാദയുടെ സ്വഭാവം നന്നായറിയാവുന്ന ബാനർജി മറുത്തൊന്നും പറയാതെ അണിയറയിൽ ഒരുക്കങ്ങൾ തുടങ്ങി. അങ്ങനെ ആരാരുമറിയാതെ ദാദ ഒരു രജിസ്റ്റർ മാരേജിലൂടെ ഡോണയെ തന്റെ ജീവിതസഖിയാക്കി.

കുറച്ചുകാലം വീട്ടുകാർ അറിയാതെ കല്യാണക്കാര്യം ഒളിപ്പിച്ചുവെക്കാൻ ഇരുവർക്കും കഴിഞ്ഞെങ്കിലും ഒരുനാൾ പിടിക്കപ്പെട്ടു. ഇരുവരുടെയും നിശ്ചയദാർഢ്യത്തിനു മുന്നിൽ കീഴടങ്ങേണ്ടിവന്ന കുടുംബാംഗങ്ങൾ 1997 ഫെബ്രവരി 21 ന് ഇരുവരെയും ഒന്നിപ്പിച്ചു. ഏകമകൾ സനയ്ക്കൊപ്പം ഇരുവരുമിന്നും സന്തുഷ്ടരായി കഴിയുന്നു. അതേ സ്നേഹത്തോടെ. സന്തോഷത്തോടെ.

(എഡിറ്റഡ്‌)

0Shares