റിയാദ്: സൗദി അറേബ്യയുടെ ചരിത്രം മാറ്റിയെഴുതി വനിതകള്‍ വാഹനവുമായി നിരത്തിലിറങ്ങി. നൂറ് കണക്കിന് വനിതകളാണ് സ്വന്തം വാഹനവുമായി റോഡില്‍ പാഞ്ഞു തുടങ്ങിയത്. വനിതകള്‍ക്ക് ഡ്രൈവിംഗ് അനുവദിക്കപ്പെട്ട ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ തന്നെ റിയാദിലെയും മറ്റ് നഗരങ്ങളിലെ റോഡുകളില്‍ സ്ത്രീ ഡ്രൈവര്‍മാര്‍ അവരുടെ കാറുകളുമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. സൗദി പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാലിന്റെ മകള്‍ റീം അല്‍ വലീദ്, പ്രമുഖ ടെലിവിഷന്‍ അവതാരക സാബിക അല്‍ ദോസരി തുടങ്ങിയവര്‍ ആദ്യ മണിക്കൂറില്‍ തന്നെ സ്വന്തം രാജ്യത്ത് സ്വയം കാറോടിച്ച് ചരിത്ര നിമിഷത്തില്‍ പങ്കാളികളായി. കാറുകള്‍ക്ക് പുറമെ വനിതകള്‍ക്ക് മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനുള്ള ലൈസന്‍സും നല്‍കും. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ഒരു വര്‍ഷം വരെ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ല. വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിക്കുന്നതോടെ വിദേശ വനിതകള്‍ക്ക് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ വാഹനം ഓടിക്കാം.
രാജ്യത്തൊട്ടാകെ ആയിരക്കണക്കിന് പേര്‍ക്ക് ഇതിനകം പുതിയ ലൈസന്‍സ് അനുവദിച്ചു കഴിഞ്ഞു. 53,000 പേരാണ് ഇതിനകം ലൈസന്‍സിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്. ഇതുവരെ നൂറ് കണക്കിന് പേര്‍ക്ക് അനുവദിച്ചു. വനിതകളുടെ വാഹനം അപകടത്തില്‍പ്പെട്ടാല്‍ എത്തുക വനിതാ ഇന്‍സ്‌പെക്ടര്‍മാരാണ്. അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ തന്നെ സൗദി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കും. കാലാവധിയുള്ള വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വിദേശ വനിതകള്‍ക്ക് ആ ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ സഊദിയില്‍ വാഹനം ഓടിക്കാം. 2020 ആവുമ്പോഴേക്കും സഊദിയിലെ മൂന്നു മില്യന്‍ വനിതകള്‍ ലൈസന്‍സ് കരസ്ഥമാക്കി സജീവമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൗദി അറേബ്യയുടെ ചരിത്രം മാറ്റിയെഴുതി വനിതകള്‍ വാഹനവുമായി നിരത്തിലിറങ്ങി; ഇനി ബൈക്കോടിക്കാന്‍ ലൈസന്‍സ് നല്‍കും