ദുബായ്: എപ്പോഴും പുതുമ കൊണ്ടു വരുന്ന രാജ്യമാണ് ദുബായ്. അതുകൊണ്ട് തന്നെ എല്ലാ കാര്യത്തിലും നവീനമായ ആശയങ്ങളാണ് ദുബായ് പ്രാവര്‍ത്തികമാക്കുന്നത്. കടല്‍ത്തീരങ്ങളില്‍ സ്ഥാപിക്കുന്ന ഡ്രസ്സിംഗ് റൂമിന്റെ കാര്യത്തിലാണ് ഇത്തവണ ദുബായ് പുത്തന്‍ ആശയം കൊണ്ട് വന്നത്. വസ്ത്രം മാറാനായി സ്ഥാപിച്ച ഈ കെട്ടിടം കേവലം ഡ്രസ്സിംഗ് മുറികള്‍ മാത്രമല്ല, ഫ്രീ വൈഫൈ സൗകര്യമുള്ള ഒരു സോളാര്‍ ഹബ്ബുമാണ്.

കെട്ടിടത്തിലേക്കും വഴിവിളക്കുകളിലേക്കും ആവശ്യമായ വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അത് കൊണ്ട് ബീച്ചിലെത്തുന്നവര്‍ക്ക് ഇനി രാത്രിയിലും നീന്താന്‍ സാധിക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ മുറികളാണ് ഇതിലുള്ളത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനവും ഇവിടെയുണ്ട്. മാത്രമല്ല ഒരാള്‍ മുറിയില്‍ പ്രവേശിച്ച് അഞ്ച് മിനിറ്റില്‍ കൂടുതല്‍ സമയം പ്രതികരണമൊന്നുമില്ലെങ്കില്‍ അലാറം അടിക്കും. ദുബായിലെ എല്ലാ ബീച്ചുകളിലും പാര്‍ക്കുകളിലും ഇത്തരം ഹബ്ബുകള്‍ സ്ഥാപിക്കാനാണ് ഭരണകൂടം തയ്യാറെടുക്കുന്നത്. ഇത്തരത്തില്‍ ആദ്യത്തെ ഡ്രസ്സിംഗ് റൂം ഉം സക്കീം ബീച്ചിലാണ് സ്ഥാപിച്ചിട്ടുള്ളത്.