സ്ത്രീവിരുദ്ധമായാണ് ‘അമ്മ’ സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങള്‍: മലയാള നടിമാരുടെ രാജി ധീരമെന്ന് വി.എസ് അച്യുതാനന്ദന്‍

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീവിരുദ്ധമായാണ് ‘അമ്മ’ സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങള്‍: മലയാള നടിമാരുടെ രാജി ധീരമെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍നിന്ന് രാജിവച്ച നാലു നടിമാര്‍ക്ക് അഭിനന്ദനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. രാജിവെച്ചത് ധീരമായ നടപടി. തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ഇവര്‍ രാജിവെച്ചിട്ടുള്ളത്. സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് തരിമ്പും പരിഗണന നല്‍കാത്ത ഇത്തരം സംഘടനകള്‍ സിനിമാ വ്യവസായത്തിന് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും വിഎസ് പറഞ്ഞു.  അതേസമയം നടിമാര്‍ ജനാധിപത്യപരമായി പ്രതിഷേധം അറിയിച്ചത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്ന് കാനം രാജേന്ദ്രനും പറഞ്ഞു. അമ്മയുടെ നിലപാടുകള്‍ക്കെതിരെ പത്തു വര്‍ഷം മുന്‍പ് പ്രതിഷേധിച്ച വ്യക്തിയാണ് താന്‍. തിലകനെതിരായ വിലക്കിനെതിരെ നിന്നു തിലകന് നഷ്ടപരിഹാരം വാങ്ങിക്കൊടുത്തുവെന്നും അന്നാരും തന്റെ കൂടെ നിന്നിട്ടില്ലെന്നും കാനം ചൂണ്ടിക്കാട്ടി. ഈ സംഭവത്തിന്റെ പേരില്‍ ഇടത് എംഎല്‍എമാര്‍ രാജി വച്ച് പോകേണ്ട കാര്യമില്ല. മുന്നണി തീരുമാനങ്ങളൊന്നും അവര്‍ ലംഘിച്ചിട്ടില്ലെന്നും ഇത് അവരുടെ സംഘടനയുടെ ആഭ്യന്തരപ്രശ്‌നം മാത്രമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെ അതിജീവിച്ച നടി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് അമ്മയില്‍നിന്ന് ഇന്ന് രാജി വച്ചത്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അമ്മയിലെ നാല് അംഗങ്ങളുടെ രാജിയില്‍ പ്രതികരിക്കാന്‍ അമ്മ ഭാരവാഹികള്‍ ഇതുവരെയും തയ്യാറായിട്ടില്ല.

0Shares