സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് മുഖ്യമന്ത്രി പുറത്തുവിട്ടു; സരിതാ നായരുടെ കത്തില്‍ പരാമര്‍ശിച്ച നേതാക്കള്‍ക്കെതിരേ ബലാല്‍സംഗ കേസെടുക്കും; ഉമ്മന്‍ ചാണ്ടിക്കെതിരേയും തിരുവഞ്ചൂരിനെതിരേയും വിജിലന്‍സ് കേസെടുക്കും

  • Post category:news
  • Reading time:1 min read
You are currently viewing സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് മുഖ്യമന്ത്രി പുറത്തുവിട്ടു; സരിതാ നായരുടെ കത്തില്‍ പരാമര്‍ശിച്ച നേതാക്കള്‍ക്കെതിരേ ബലാല്‍സംഗ കേസെടുക്കും; ഉമ്മന്‍ ചാണ്ടിക്കെതിരേയും തിരുവഞ്ചൂരിനെതിരേയും വിജിലന്‍സ് കേസെടുക്കും

തിരുവനന്തപുരം: കേരളാ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കേസിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍. വേങ്ങര ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കെയാണ് വീണ്ടും വിവാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നിരിക്കുന്നത്. ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കുമെന്ന് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ എടുത്തുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് കേസെടുക്കാനാണ് മന്ത്രിസഭാ തീരുമാനം. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയെന്ന് കമ്മീഷന്‍ കണ്ടെത്തിയ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കും. കേസില്‍ ഉമ്മന്‍ചാണ്ടിക്കും ഓഫീസിനുമുള്ള പങ്ക് വ്യക്തമായി. ടീം സോളാറിനും സരിത നായര്‍ക്കും വേണ്ടി ഇവര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയതായും ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും കൈക്കൂലി വാങ്ങിയതായും പറയുന്നുണ്ട്.ഉമ്മന്‍ചാണ്ടിക്ക് പുറമെ സഹായികളായ ജോപ്പന്‍, ജിക്കുമോന്‍, സലിം രാജ് . കുരുവിള എന്നിവക്കെതിരെയും കേസെടുക്കും. തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹ്‌നാനും തമ്പാനൂര്‍ രവിക്കുമെതിരെയും കേസെടുക്കും. കേസ് ഒതുക്കി തീര്‍ക്കുന്നതിനും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കുന്നതിനും വഴിവിട്ട നീക്കങ്ങള്‍ നടത്തിയതിനാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിയാക്കുന്നത്. ടീം സോളാറിന് ഉപഭോക്താക്കളെ പറ്റിക്കാന്‍ സഹായമാകുന്ന നിലപാടെടുത്തതിനാണ് ഊര്‍ജമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിനെതിരെ കേസെടുക്കുന്നത്. സരിതയുടെ കത്തില്‍ പറയുന്ന നേതാക്കള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഐ.ജി പദ്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന്‍ പൊലീസ് അസോ. മുന്‍ ഭാരവാഹി ജി.ആര്‍.അജിത്തിത് എന്നിവര്‍ക്കെതിരെയും കേസെടുക്കും. അജിത്തിനെതിരെ വകുപ്പുതല നടപടിക്കും തീരുമാനം. സോളാര്‍ റിപ്പോര്‍ട്ട് ആറു മാസത്തിനകം നിയമസഭയില്‍ വയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0Shares