
കൊച്ചി : മമ്മുട്ടി ആരാധകരെ ആവേശം കൊള്ളിക്കാൻ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി മമ്മുട്ടി ചിത്രം നവംബറിൽ റിലീസിനെത്തും എന്നാണ് മലയാള സിനിമാ ലോകത്തെ പുതിയ വാർത്ത. ‘മാസ്റ്റര്‍ പീസ്’ എന്ന മമ്മുട്ടി ചിത്രത്തിന്റെ റിലീസ് മാറ്റിക്കൊണ്ടാണ് മറ്റൊരു സിനിമയായ ‘സ്ട്രീറ്റ് ലൈറ്റ്സ്’ റിലീസിനെത്തുന്നത്. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത ‘മാസ്റ്റര്‍ പീസ്’ നവംബറിൽ റിലീസ് ചെയ്യുമെന്നാണ് ഇതുവരെ പുറത്തുവന്ന വർത്തയെങ്കിൽ, ഈ സിനിമയെ ക്രിസ്മസ് റീലീസിലേക്ക് മാറ്റി ‘സ്ട്രീറ്റ് ലൈറ്റ്സ്’ നവംബറിൽ തീയറ്ററുകളിൽ എത്തിക്കാനാണ് അണിയറയിൽ നടക്കുന്നത്. മമ്മുട്ടി ഇടപെട്ട് നടത്തുന്ന ഈ റിലീസ് മാറ്റം സിനിമാ പ്രവർത്തകർക്കിടയിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. 
പ്രഗൽഭ ക്യാമറാമാന് ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘സ്ട്രീറ്റ് ലൈറ്റ്സ്’ ഈ ചിത്രം നിർമിച്ചിരിക്കുന്നത് മമ്മുട്ടി തന്നെയാണ്. മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. പുതുമുഖ സംവിധായകനായ ഷാംദത്ത് കഥ പറയാനായി മമ്മുട്ടിയെ സമീപിക്കുന്നതോടെയാണ് പുതിയ സംഭവ വികാസങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
ഈ സിനിമയുടെ പിറവിക്ക് പിന്നിലെ ആ രഹസ്യം ഷാംദത്ത് വിവരിക്കുന്നത് ഇങ്ങനെ: താന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയില്‍ മമ്മൂട്ടി നായകനാകണമെന്നായിരുന്നു എന്റെ ആഗ്രഹം. അതിനായി മമ്മൂട്ടിയുടെ അടുക്കല്‍ കഥ പറയാനെത്തി. പറഞ്ഞ കഥ കേട്ട് ത്രില്ലടിച്ച മമ്മൂട്ടി “ഈ സിനിമ എത്ര പെട്ടെന്ന് തുടങ്ങാന്‍ പറ്റും?” എന്നാണ് ചോദിച്ചത്. മാത്രമല്ല, കഥയില്‍ ആവേശം കയറിയ മമ്മൂട്ടി താന്‍ തന്നെ പടം നിര്‍മ്മിക്കാമെന്നും അറിയിച്ചു. അങ്ങനെയാണ് ഈ സിനിമ മമ്മുക്ക തന്നെ നിർമിക്കുന്നത്. പെട്ടന്നായിരുന്നു പിന്നീട് എല്ലാ കാര്യങ്ങളും ഷൂട്ടിംഗ് വെറും 12 ദിവസം കൊണ്ട് പൂർത്തീകരിച്ചു. ഇപ്പോൾ മറ്റു വർക്കുകൾ നടന്നുവരികയാണ്. മമ്മുക്കയുടെ പൂർണ സഹകരണമാണ് ഈ ചിത്രത്തിന് വേഗം കൂട്ടിയത്. ചിത്രം നവംബർ രണ്ടാംവാരം തീയറ്ററിൽ എത്തിക്കാനാകുമെന്നാണ് വിശ്വാസം.രണ്ട് ഭാഷകളിലും രണ്ട് വ്യത്യസ്ത നിര താരങ്ങളാണ് സ്ട്രീറ്റ് ലൈറ്റ്സില് അഭിനയിച്ചിരിക്കുന്നത്. സിനിമ ത്രില്ലര്‍ പ്രേമികള്‍ക്ക് ഒരു വിരുന്നായിരിക്കും എന്നും സംവിധായകൻ പറഞ്ഞു.
