കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫോറോനപ്പള്ളിയില്‍ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ടിറ്റോയാണ് എളമക്കര പൊലീസിന്റെ
പിടിയിലായത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ഇടപ്പള്ളി പള്ളിയിലെ കുമ്പസാര ഹാളില്‍ മുന്നുദിവസം മാത്രം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. രാത്രി പള്ളിയിലെ കപ്യാരാണ് കുഞ്ഞിനെ കുമ്പസാരക്കൂടിനോട് ചേര്‍ന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് സി.സി.ടി.വി ദശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവാവും യുവതിയും കൈക്കുഞ്ഞുമായി പള്ളിയിലെത്തിയ ദൃശ്യവും പിന്നീട് കുഞ്ഞിനെ യുവാവ് കുമ്പസാരഹാളില്‍ ഉപേക്ഷിക്കുന്ന ദൃശ്യവും കിട്ടിയത്. ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ കൂടാതെ മറ്റൊരു കുഞ്ഞും യുവാവിനും സ്ത്രീയ്ക്കുമൊപ്പം ഉണ്ടായിരുന്നു. പുതപ്പില്‍ പൊതിഞ്ഞ് കൈക്കുഞ്ഞിനെ യുവതി നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്നതും പിന്നീട് യുവാവ് ഈ കുഞ്ഞിനെ കുമ്പസാര ഹാളില്‍ ഉപേക്ഷിക്കുന്ന ദൃശ്യവുമാണ് തിരിച്ചറിഞ്ഞത്.
ഇടപ്പള്ളി പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വടക്കാഞ്ചേരി സ്വദേശി ടിറ്റോയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്തിയതും ഇയാളെ കസ്റ്റഡിയിലെടുത്തതും. കുട്ടിയെ വളര്‍ത്താന്‍ നിര്‍വാഹമില്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്നാണ് ടിറ്റോ പൊലീസിനോട് പറഞ്ഞത്. ഈ കുഞ്ഞിനെ കൂടാതെ മൂന്നു കുട്ടികള്‍ കൂടി ടിറ്റോയ്ക്കുണ്ട്. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ നാലാത്തെ കുഞ്ഞിനെക്കൂടി വളര്‍ത്താനുള്ള വഴി കാണാതെയാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഭാര്യക്കും മറ്റൊരു കുഞ്ഞിനുമൊപ്പമെത്തി കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. ടിറ്റോ പറയുന്ന കാര്യങ്ങള്‍ ശരിയായിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. കുഞ്ഞിനെ ചുംബനം നല്‍കിയശേഷമാണ് കുമ്പസാരക്കൂടിന്റെ ചുവട്ടില്‍ ടിറ്റോ കുട്ടിയെ കിടത്തുന്നത്. സംഭവത്തെ പറ്റി പോലിസ് വിശദമായ അന്വേഷണം തുടരുകയാണ്.
സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ നാലാത്തെ കുഞ്ഞിനെക്കൂടി വളര്‍ത്താനുള്ള വഴിയില്ല; ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫോറോനപ്പള്ളിയില്‍ മൂന്നു ദിവസം പ്രായമായ സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള കാരണം ഇതാണെന്ന് പിതാവ്