മൈസൂരു: പ്രശസ്ത ഗായിക എസ്. ജാനകി സംഗീതജീവിതം പൂര്‍ണമായും അവസാനിപ്പിക്കുന്നു. മൈസൂരുവില്‍ ഒക്ടോബര്‍ 28-ന് നടക്കുന്ന ചടങ്ങിനുശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും പാടുകയില്ലെന്ന് വീണ്ടും ജാനകി ആവര്‍ത്തിച്ചു. കഞ്ഞവര്‍ഷം ‘പത്തുകല്‍പ്പനകള്‍’ എന്ന മലയാളസിനിമയില്‍ പാടിയശേഷം സംഗീതജീവിതം നിര്‍ത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, മൈസൂരു മലയാളിയായ മനു ബി. മേനോന്‍ നേതൃത്വംനല്‍കുന്ന സ്വയംരക്ഷണ ഗുരുകുലം, എസ്. ജാനകി ചാരിറ്റബിള്‍ ട്രസ്റ്റ് മൈസൂരു എന്നിവയുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് അവസാന പരിപാടി അവതരിപ്പിക്കാന്‍ തയ്യാറായത്. ‘അതുകഴിഞ്ഞാല്‍ സിനിമകളിലോ സംഗീതപരിപാടികളിലോ പാടാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ ഞാനുണ്ടാവില്ലെന്ന് എസ്. ജാനകി പറഞ്ഞു. സാധാരണജീവിതം നയിക്കുകയാണ് ലക്ഷ്യം. ഒട്ടേറെ ഭാഷകളിലായി മതിവരുവോളം പാട്ടുകള്‍ പാടിയെന്നും അവര്‍ പറഞ്ഞു.മലയാളികള്‍ സ്വന്തക്കാരെപ്പോലെയാണ്. മലയാളത്തില്‍ പാടിയ പാട്ടുകള്‍ ജീവനുള്ള കാലംവരെ താന്‍ ഓര്‍മിക്കും. ഓരോ കാലത്തിനും അനുസൃതമായ രീതിയിലുള്ള പാട്ടുകള്‍ വേണം. ഇപ്പോഴത്തെ ഗായകരും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നെന്നും ജാനകി പറഞ്ഞു. മെസൂരുവിലെ വേദിയില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന മലയാളികള്‍ക്കുവേണ്ടി മലയാളം പാട്ടുകള്‍ പാടുമെന്നും അവര്‍ പറഞ്ഞു. മാനസഗംഗോത്രിയിലെ ഓപ്പണ്‍എയര്‍ ഓഡിറ്റോറിയത്തില്‍ ഈമാസം 8-ന് വൈകീട്ട് 5.30 മുതല്‍ രാത്രി 10.30 വരെയാണ് പരിപാടി.
വിവിധ ഭാഷകളില്‍ ഇരുപതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ജാനകിക്ക് നാലുതവണ ഏറ്റവും നല്ല പിന്നണിഗായികക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എസ് ജാനകിയുടെ സംഗീത ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗവേഷണ ഗ്രന്ഥാമാണ് ‘എസ് .ജാനകി ആലാപനത്തില്‍ തേനും വയമ്പും’. 1938 ല്‍ ഏപ്രില്‍ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ജനിച്ച ജാനകി മൂന്നാം വയസില്‍ തന്നെ സംഗീതത്തോട് ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങി. പത്താം വയസില്‍ പൈതി സ്വാമിയുടെ കീഴില്‍ ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ചു. ജാനകിയുടെ സംഗീത വാസന വളര്‍ത്തുന്നതില്‍ അമ്മാവന്‍ ഡോ. ചന്ദ്രശേഖര്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സംഗീത പഠനത്തിനായി പില്‍ക്കാലത്ത് മദ്രാസിലെത്തി. ആകാശവാണി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഗാന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയായത്. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയില്‍ ജോലി ലഭിച്ചു.
തന്റെ പത്തൊമ്പതാമത് വസില്‍ 1957 ല്‍ വിധിയിന്‍ വിളയാട്ട് എന്ന തമിഴ് സിനിമയില്‍ ടി. ചലപ്പതി റാവു ഈണം പകര്‍ന്ന ഗാനം ആലപിച്ചു ചലച്ചിത്രപിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. തെലുങ്ക് ചിത്രമായ എം.എല്‍.എല്‍ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഭാഷകളെ നിഷ്പ്രഭമാക്കിയ ആ സ്വരമാധുരി ലക്ഷക്കണക്കിനാളുകള്‍ ഹൃദയത്തില്‍ സ്വീകരിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണയാണ് എസ്.ജാനകിക്ക് ലഭിച്ചത്. 1976-ല്‍ ഭപതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ… എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്. 1980-ല്‍ ഓപ്പോള്‍ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂര്‍ അമ്പലത്തില്‍… എന്ന ഗാനത്തിനും 1984-ല്‍ തെലുഗു ചിത്രമായ ഭസിതാര’യില്‍ വെന്നല്ലോ ഗോദാരി ആനന്ദം… എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ല്‍ തമിഴ് ചിത്രമായ ഭതേവര്‍മകനില്‍ ഇഞ്ചി ഇടിപ്പഴകാ… എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചത്. 2013ല്‍ പത്മഭൂഷന്‍ ലഭിച്ചെങ്കിലും നിരസിച്ചു. തളിരിട്ട കിനാക്കള്‍ …(മൂടുപടം) വാസന്ത പഞ്ചമി നാളില്‍…(ഭാര്‍ഗ്ഗവി നിലയം) സൂര്യകാന്തീ..സൂര്യകാന്തീ ..(കാട്ടുതുളസി) മനിമുകിലെ…(കടത്തുകാരന്) കവിളത്ത് കണ്ണീര്‍ കണ്ടു…(അന്വേഷിച്ചു കണ്ടെത്തിയില്ല) താമരകുംപിളല്ലോ…(അന്വേഷിച്ചു കണ്ടെത്തിയില്ല) അവിടുന്നേന്‍ ഗാനം കേള്‍ക്കാന്‍…(പരീക്ഷ) എന്‍ പ്രാണ നായകനെ..(പരീക്ഷ)… കണ്ണില്‍ കണ്ണില്‍…(ഡേഞ്ചര്‍ ബിസ്‌കറ്റ്) താനേ തിരിഞ്ഞും മറിഞ്ഞും…(അമ്പലപ്രാവ് ) ഇന്നലെ നീയൊരു…(സ്ത്രീ) തുടങ്ങിയവയാണ് ഗായികയുടെ പ്രധാന ഗാനങ്ങള്‍.