തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ കമ്പനികള്‍ക്ക് ബ്രൂവറി അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 17 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ഡിസ്റ്റലറി അനുവദിക്കുന്നത്. ആരും അറിയാതെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡിസ്റ്റിലറിയും മൂന്ന് ബ്രൂവറിയും രഹസ്യമായി അനുവദിച്ചതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നിരിക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചിയില്‍ ബ്രൂവറി അനുവദിക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് കിന്‍ഫ്രയുടെ 10 ഏക്കര്‍ ഭൂമി വിട്ടു നല്‍കിയതായും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ മൂക്കറ്റം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. മദ്യക്കച്ചവടത്തിലൂടെ സി.പി.എമ്മും മന്ത്രിമാരും കോടികളാണ് ഉണ്ടാക്കുന്നത്. പുതിയ ബ്രൂവറി അനുവദിച്ചതില്‍ പാര്‍ട്ടിക്ക് എത്ര രൂപ കിട്ടിയെന്ന് വെളിപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.