‘സര്‍ക്കാര്‍ ഗ്യാലറിക്ക് വേണ്ടി കളിക്കരുത്…’ പോലിസിൻ്റെ കൂട്ട അറസ്റ്റിനെതിരേ ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing ‘സര്‍ക്കാര്‍ ഗ്യാലറിക്ക് വേണ്ടി കളിക്കരുത്…’ പോലിസിൻ്റെ കൂട്ട അറസ്റ്റിനെതിരേ ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെടുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് നടപടി കടുപ്പിച്ചതോടെ കൂട്ടഅറസ്റ്റില്‍ ആശങ്ക അറിയിച്ച് കേരള ഹൈക്കോടതി. ശബരിമല അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്തു നടക്കുന്ന പോലീസ് അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. സര്‍ക്കാര്‍ ഗാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ശരിയായ ഭക്തര്‍ മാത്രമാണോ ശബരിമലയില്‍ എത്തിയതെന്ന് വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പത്തനംതിട്ട സ്വദേശികളായ സുരേഷ് കുമാര്‍, അനോജ് കുമാര്‍ എന്നിവരാണ് കൂട്ടഅറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി ഹര്‍ജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും. അതേസമയം, ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാനത്ത് ഇതുവരെ 2,061 പേര്‍ അറസ്റ്റിലായി. ആകെ 452 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തവരെ റിമാന്റ് ചെയ്തു. 1500 പേരെ ജാമ്യത്തില്‍ വിട്ടു. ഇന്നലെ 1,410 പേരെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ശേഖരിച്ച ചിത്രങ്ങളിലുള്ളവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്ന നടപടി തുടരുകയാണ്.

0Shares