സമരം ശക്തമാക്കി പ്രതിപക്ഷം: സെക്രട്ടറിയേറ്റ് പടിക്കല്‍ യു.ഡി.എഫിന്റെ മാര്‍ച്ചും ധര്‍ണ്ണയും.

  • Post category:news
  • Reading time:1 min read
You are currently viewing സമരം ശക്തമാക്കി പ്രതിപക്ഷം: സെക്രട്ടറിയേറ്റ് പടിക്കല്‍ യു.ഡി.എഫിന്റെ മാര്‍ച്ചും ധര്‍ണ്ണയും.


തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ യു.ഡി.എഫ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. മഹിജയെ മര്‍ദ്ദിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഡി.ജി.പിക്കാണെന്നും അതുകൊണ്ട് തന്നെ ഡി.ജി.പിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കെ.പി.സി.സി പ്രസിഡന്‍ണ്ട് എം.എം ഹസ്സന്‍ ആവശ്യപ്പെട്ടു. പോലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും നിലവിലെ അന്വേഷണത്തില്‍ ഒട്ടും വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നടക്കുന്ന മുഴുവന്‍ അക്രമത്തിന്റെയും ഉത്തരവാദിത്വം ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ആഭ്യന്തരം മറ്റാരെയെങ്കിലും ഏല്‍പ്പിക്കുന്നതാണ് ഉചിതമെന്നും എം.എം ഹസ്സന്‍ തിരുവനന്തപുരത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. മഹിജയെ മര്‍ദിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് ജിഷ്ണുപ്രണോയിയുടെ ഘാതകരെ അറസ്റ്റ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിഷ്ണുവിന്റെ അമ്മയോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. യു.ഡി.എഫ് ഹര്‍ത്താലിനെ കേരളത്തിലെ ജനങ്ങള്‍ അനുകൂലിച്ചെന്നും ഇതുവരെ യാതൊരു അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും തീര്‍ത്തും സമാധാനപരമായ ഹര്‍ത്താലാണ് ആഹ്വാനം
ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് ആസ്ഥാനത്ത് സമരം നടത്തുന്നതില്‍ തെറ്റില്ലെന്നും സമരക്കാരോട് പോലീസിന് മാന്യമായി പെരുമാറാമായിരുന്നെന്നും വി.എം സുധീരന്‍. മഹിജയ്‌ക്കെതിരെ അക്രമണം നടത്തിയ പോലീസിനെതിരെ നടപടി അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

0Shares