ന്യൂയോര്‍ക്ക്: ഓണം മലയാളികളുടെ മാത്രമല്ല എന്ന് തെളിയിക്കുകയാണ് ബോളിവുഡ് താരങ്ങള്‍. മലെയ്ക അറോറ, അമൃത അറോറ, കരിഷ്മ കപൂര്‍ എന്നിവരാണ് കേരളീയ ശൈലിയില്‍ തൂശനിലയിട്ട് സദ്യയുണ്ട് ഓണമാഘോഷിച്ചത്. പരമ്പരാഗതമായ ആചാരങ്ങളോടെയാണ് അവര്‍ ന്യൂയോര്‍ക്കില്‍ വച്ച് ഓണം ആഘോഷിച്ചത്. 26 ഇനം വിഭവങ്ങളടങ്ങിയ സദ്യയാണ് താരങ്ങള്‍ തൂശനിലയിട്ട് കഴിച്ചത്. പപ്പടം, പഴം പായസം എന്നിവയെല്ലാം സദ്യയില്‍ ഉണ്ടായിരുന്നു. മലെയ്കയുടെയും അമൃതയുടെയും അമ്മയാണ് ജോയ്സി അറോറയാണ് സദ്യ ഒരുക്കിയത്.
മലെയ്ക അറോറയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഓണസദ്യയുടെ ഫോട്ടോ പങ്കുവെച്ചത്. മലയാളികള്‍ക്ക് ഓണം ആശംസിക്കാനും താരം മറന്നിട്ടില്ല. ഓണസദ്യയെക്കാള്‍ എനിക്കിഷ്ടപ്പെട്ട ഭക്ഷണം വേറെയില്ല. എന്റെ അമ്മ ജോയ്സി അറോറയെക്കാള്‍ മികച്ച പാചകക്കാരിയുമില്ല. എന്നാണ് മലെയ്ക ഫോട്ടോയ്ക്കൊപ്പം കുറിച്ചത്.
