സഖാവ് ബാലയില്‍ പ്രഭാകരന്‍ അന്തരിച്ചു; 93ാം വയസില്‍ ആവേശത്തോടെ ഇന്‍ക്വിലാബ് മുഴക്കിയ ചിത്രം സൈബര്‍ ലോകത്ത് വൈറലായതോടെ സഖാവ് പുതുതലമുറയ്ക്കും പരിചിതനായ വ്യക്തിത്വം

  • Post category:news
  • Reading time:1 min read
You are currently viewing സഖാവ് ബാലയില്‍ പ്രഭാകരന്‍ അന്തരിച്ചു; 93ാം വയസില്‍ ആവേശത്തോടെ ഇന്‍ക്വിലാബ് മുഴക്കിയ ചിത്രം സൈബര്‍ ലോകത്ത് വൈറലായതോടെ  സഖാവ് പുതുതലമുറയ്ക്കും പരിചിതനായ വ്യക്തിത്വം

ആലപ്പുഴ: വയലാര്‍ സമര സേനാനി കളവങ്കോടം പൂജവെളി വീട്ടില്‍ ബിവി പ്രഭാകരന്‍(96) അന്തരിച്ചു. സി.പി.എം ലോക്കല്‍ സെക്രട്ടറി, കയര്‍ തൊഴിലാളി യൂണിയന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തോക്കിന്‍മുനകള്‍ക്കും തോല്‍പ്പിക്കാനാവാത്ത വിപ്ലവ പോരാട്ടത്തിന്റെ അടയാളമാണ് എന്നും പുന്നപ്ര-വയലാര്‍. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളിലെ കര്‍ഷകര്‍ ജന്മിമാര്‍ക്കെതിരെ നടത്തിയ പോരാട്ടമാണ് പുന്നപ്ര-വയലാര്‍ സമരം. പോരാളികള്‍ക്കും പോരാട്ടങ്ങള്‍ക്കും അത് എക്കാലത്തും പ്രചോദനമാവുന്നൊരു പാഠപുസ്തകമാണ്.ജന്മിത്വത്തിനും നാടുവാഴിത്വത്തിനും മുന്നില്‍ ആശയറ്റ് തലകുനിച്ച് നിന്നിരുന്ന ഒരു ജനതയ്ക്ക് പ്രതീക്ഷയുടെ ചുവന്നവെളിച്ചം പകര്‍ന്ന പോരാട്ടമായിരുന്ന ആ സമരം. പോരാട്ടങ്ങളുടെ ഓര്‍മകളില്‍ പഴയ ആ 22 കാരന്റെ അതേ ആവേശത്തില്‍ തന്റെ 93ാം വയസിലും സമരപോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ചിത്രം ആ പോരാളിയെ അടയാളപ്പെടുത്തുന്നതായിരുന്നു. പ്രഭാകരന്‍ സഖാവ് പുതുതലമുറയ്ക്കും പരിചിതനായ വ്യക്തിത്വമായിരുന്നു. സ്വതന്ത്ര്യ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിര്‍ത്താനുള്ള തീരുമാനത്തിനെതിരെയും ഇവര്‍ മുദ്രാവാക്യമുയര്‍ത്തിയിരുന്നു. കയര്‍തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, എണ്ണയാട്ടു തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ചെത്തുതൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍ മുതലായവരായിരുന്നു ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളിലെ ജനങ്ങളില്‍ ഭൂരിഭാഗവും. മുതലാളിമാരുടെയും ജന്മിമാരുടെയും ചൂഷണങ്ങളില്‍പ്പെട്ട് കടുത്ത സാമ്പത്തിക ക്ലേശങ്ങളില്‍പ്പെട്ടുഴലുന്നവരായിരുന്നു ഈ തൊഴിലാളികള്‍. തൊഴിലാളി ചൂഷണങ്ങള്‍ക്കെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 12 ഓളം യൂണിയനുകള്‍ രൂപീകരിച്ച് തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായി പോരാട്ടങ്ങള്‍ ആരംഭിച്ചു.പുന്നപ്രവയലാര്‍ സമരത്തെ തുടര്‍ന്ന് ജയില്‍വാസമനുഭവിച്ചിരുന്നു. കുടികിടപ്പു സമരത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചതിനെതുടര്‍ന്ന് കൊടിയ പൊലീസ് മര്‍ദനവും ഏല്‍ക്കേണ്ടിവന്നിരുന്നു. വേലുവിന്റേയും ജാനകിയമ്മയുടേയും മകനായ പ്രഭാകരന്‍ 23 വയസില്‍ വയലാറിനടുത്തുള്ള കുണ്ടശ്ശേരി ക്യാമ്പില്‍ അംഗമായി പാര്‍ട്ടിപ്രവര്‍ത്തനം സജീവമാക്കിയിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഗൗരിയമ്മയ്ക്കും വി.എസ് അച്യുതാനന്ദനുമൊപ്പം സി.പി.എമ്മിലായി പ്രഭാകരന്‍. പത്ത് സെന്റ് സമരം നടക്കുമ്പോള്‍ വയലാര്‍ എല്‍.സി സെക്രട്ടറി പ്രഭാകരനാണ്. അപ്പോഴും പോലീസ് മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ചിരുന്നു. ഭാര്യ: സരസമ്മ. മക്കള്‍: ബിന്ദുനാഥ് (കെഎസ്ഇബി കളമശ്ശേരി), സിനി, ശ്രീകല, പ്രിറ്റ്, പരേതനായ ശ്രീറാം, അജി, തില്‍സ.

0Shares