
ഇതിഹാസ പുരുഷന്മാരുടെ ജീവിതകഥയെ ആസ്പദമാക്കി താരരാജാക്കന്മാരെല്ലാം ഞെട്ടിക്കാനൊരുങ്ങുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി വ്യത്യസ്ത വേഷങ്ങളും പരീക്ഷണത്തിനെത്തിക്കുകയാണ്. ചിറകൊടിഞ്ഞകിനാവുകൾക്കു ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും പോസ്റ്ററും പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ വേഷം അവതരിപ്പിക്കുന്ന മമ്മൂട്ടി പ്രതിനിധാനം ചെയ്യുന്നത് പിണറായി വിജയനെ തന്നെയാണോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. രൂപവും ഭാവവും, എന്തിന്, സിനിമയുടെ പേര് പോലും പിണറായി വിജയനിലേക്ക് ആണ് വിരല്‍ ചൂണ്ടുന്നത് എന്ന് ആരാധകരും സമ്മതിക്കുന്നു.

സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ മമ്മൂക്കയ്ക്ക് വളരെ ഇഷ്ടമായിരുന്നു. ആദ്യമായിട്ടാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയുടെ വേഷത്തില്‍ തന്നെയാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കുന്നു . മമ്മൂട്ടിയ്ക്ക് വേണ്ടിയായിരുന്നു സിനിമ തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം സമ്മതിച്ചില്ലായിരുന്നെങ്കില്‍ സിനിമ തന്നെ വേണ്ടെന്ന വെക്കുന്ന അവസ്ഥ വരുമായിരുന്നെന്നും സംവിധായകന്‍ പറയുന്നു.
മമ്മൂട്ടിയുടെ സിനിമയെ കുറിച്ച് വാര്‍ത്ത വന്നപ്പോള്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരിക്കും എന്ന വാര്‍ത്തകളുമുണ്ടായിരുന്നു. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയിലാണ് മമ്മൂട്ടി നായകനായേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.
