തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലോട്ടറിയില്‍ നിന്നുള്ള വരുമാനവും സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവാക്കുന്നതായി ആരോപണം. ഇതുകാരണം ഒരുലക്ഷത്തിനുമേലുള്ള സമ്മാനങ്ങള്‍ നാലുമാസമായി കൊടുക്കുന്നില്ല. 100 കോടിയോളം രൂപ സര്‍ക്കാരിന് ഇതിവഴി കുടിശികയുണ്ട്. ദിവസവും 96 ലക്ഷം ടിക്കറ്റുകളാണ് ഓരോ നറുക്കെടുപ്പിനും സര്‍ക്കാര്‍ അച്ചടിച്ചിറക്കുന്നത്. ടിക്കറ്റിന്റെ വില 30 രൂപയായി കുറച്ചശേഷം ഭാഗ്യക്കുറിയുടെ വില്‍പ്പന കുത്തനെ കൂടി. നേരത്തേ ബാങ്കില്‍ അടച്ചിരുന്ന ഭാഗ്യക്കുറി പണം ഇപ്പോള്‍ പൂര്‍ണമായും ട്രഷറിയിലാണ് അടയ്ക്കുന്നത്. കഴിഞ്ഞ ആറുമാസത്തെ കണക്ക് പരിശോധിച്ചാല്‍ ഒരുദിവസം ഏകദേശം 25 കോടിയിലേറെ രൂപയാണ് ഭാഗ്യക്കുറി വകയില്‍ ട്രഷറിയിലെത്തുന്നത്. ഇങ്ങനെ ആഴ്ചയില്‍ 175 കോടിയിലധികം ട്രഷറിയില്‍ എത്തും. സമ്മാനങ്ങളും ഏജന്റ് കമ്മീഷനും കഴിച്ചാലും ആഴ്ചയില്‍ കുറഞ്ഞത് 75 കോടിയെങ്കിലും സര്‍ക്കാറിന് വരുമാനമുണ്ട്. ഇത്രയും തുക ലഭിക്കുമ്പോഴാണ് സമ്മാനത്തുക വിതരണം ചെയ്യാന്‍ മാസങ്ങള്‍ എടുക്കുന്നത്.
സാധാരണഗതിയില്‍ ഒന്നാംസമ്മാനത്തിന്റെ തുക ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ കൊടുത്തിരുന്നു. പാന്‍കാര്‍ഡ് അടക്കം എല്ലാ രേഖകളും കൃത്യമായി നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ത്തന്നെ സമ്മാനം ലഭിക്കുമായിരുന്നു. ഇപ്പോള്‍ മൂന്നുമുതല്‍ അഞ്ചുമാസംവരെ കഴിഞ്ഞേ പണം ലഭിക്കുന്നുള്ളൂ. ബംപര്‍ നറുക്കെടുപ്പിന്റെ വരുമാനം വേറെ എത്തുന്നുണ്ട്. ഓണം ബംപറിനുമാത്രം സകല ചെലവും കഴിഞ്ഞ് സര്‍ക്കാരിന് ലാഭം കിട്ടിയത് 57 കോടിയായിരുന്നു. ഇപ്പോള്‍ ആറുകോടിയുടെ ക്രിസ്മസ്-പുതുവത്സര ബംപര്‍ ഭാഗ്യക്കുറി വില്‍പ്പനയിലുമാണ്. നേരത്തെ 5000 രൂപയുടെ 15 സമ്മാനത്തിന് പകരം ഇപ്പോള്‍ ഒന്‍പതു സമ്മാനമാണ് നല്‍കുന്നത്. ഇതിലൂടെ സമ്മാനമടിക്കുന്നത് 30 ശതമാനം കുറഞ്ഞു. പകരം ഉപഭോക്താക്കളെ മോഹിപ്പിക്കാന്‍ ഒരോലക്ഷത്തിന്റെ സമ്മാനമാണ് നല്‍കുന്നത്. ജനുവരി മുതല്‍ സമ്മാനങ്ങള്‍ വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം ഏജന്ററുമാര്‍ക്ക് നല്‍കിയതിനാല്‍ സമരങ്ങളില്‍ നിന്ന് സംഘടനകള്‍ പിന്മാറുകയായിരുന്നു.
