കൊച്ചി: കക്കി അണക്കെട്ടിനുപുറമെ ഇടമലയാര്‍ അണക്കെട്ടും നിറഞ്ഞു. ഇതോടെ ഇടമലയാര്‍ ഡാം തുറക്കുന്നതിന് മുമ്പായുള്ള ജാഗ്രതാ നിര്‍ദ്ദേശമായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രാഥമിക അറിയിപ്പായ ബ്ലൂ അലര്‍ട്ട് ഇന്നലെ നല്‍കിയിരുന്നു. ജലനിരപ്പ് 167 അടിയായി ഉയര്‍ന്നപ്പോളാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് രണ്ടുമീറ്റര്‍ കൂടി ഉയര്‍ന്നാല്‍ മാത്രമെ അണക്കെട്ട് തുറക്കേണ്ടി വരൂ. 169 മീറ്ററാണ് പരമാവധി സംഭരണശേഷി. ജലനിരപ്പ് 168.5ല്‍ എത്തിയാല്‍ അതീവജാഗ്രതാ അറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. തുടര്‍ന്ന് നിശ്ചിത സമയത്തിന് ശേഷം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. ഇടമലയാല്‍ ഡാമിന്റെ താഴെ പ്രദേശങ്ങളില്‍ ഉള്ളവരും പെരിയാറിന്റെ കരകളിലുള്ളവരും ജാഗ്രതപാലിക്കണം. ഇടുക്കി കഴിഞ്ഞാല്‍ കുടതല്‍ ജലസംഭരണശേഷിയുള്ള ഡാമാണ് ഇടമലയാര്‍. പെരിയാറിന്റെ പോഷകനദിയായ ഇടമലയാറിലാണ് ഡാമുള്ളത്. അതേസമയം ഇടുക്കിയില്‍ ജലനിരപ്പ് 2395. 82 അടിയിലെത്തി. 2403 അടിയാണ് ഡാമിന്റെ സംഭരണശേഷി. കഴിഞ്ഞവര്‍ഷം ഇതേദിവസം 2320.70 അടിയായിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 15.6 മില്ലീമീറ്റര്‍ മഴയാണ് ഇന്നലെ ലഭിച്ചത്. നീരൊഴുക്കിന്റെ വേഗതയും കുറഞ്ഞിട്ടുണ്ട്.
കനത്തമഴ ലഭിച്ചതോടെ സംസ്ഥാനത്തെ ജലസംഭരണികള്‍ എല്ലാം നിറഞ്ഞിരിക്കയാണ്. ഇതിനകം പത്ത് ഡാമുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് 12 മണിയോടെ തുറക്കും. പോത്തുണ്ടി ഡാമിനൊപ്പം മലമ്പുഴ അണക്കെട്ടുകൂടി തുറക്കുന്നതോടെ ഭാരതപ്പുഴയില്‍ ഉള്‍പ്പെടെ ജലനിരപ്പ് വന്‍തോതില്‍ ഉയരും. തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാലുവര്‍ഷത്തിന് ശേഷമാണ് മഴക്കാലത്ത് മലമ്പുഴ ഡാം തുറക്കുന്നത്. കല്‍പ്പാത്തി പുഴയിലും കൈവഴികളിലും ജലനിരപ്പ് വന്‍തോതില്‍ ഉയരും. അകത്തേത്തറ, മലമ്പുഴ, പുതുപ്പരിയാരം പഞ്ചായത്തുകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ മംഗലം ഡാമിന്റെ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തേണ്ടിവരും. പോത്തുണ്ടിക്കും മംഗലം ഡാമിനുമൊപ്പം മലമ്പുഴ കൂടി തുറന്നാലും വന്‍തോതില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കേണ്ടിവരില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
സംസ്ഥാനത്ത് മഴയ്ക്ക് ഇന്ന് നേരിയ ശമനം; ഇടമലയാര്‍ ഡാം തുറക്കുന്നതിന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; മലമ്പുഴ ഡാം ഇന്ന് തുറക്കും