
തിരുവനന്തപുരം; സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ ഒന്നാമതെത്തുന്ന സ്കൂളിന് 3 ലക്ഷം രൂപ കായികവകുപ്പ് പാരിതോഷികം നല്‍കുമെന്ന് കായിക മന്ത്രി ഇ.പി ജയരാജന് അറിയിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും പാരിതോഷികം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം മേളയില്‍ ആദ്യദിനം കുതിപ്പ് നടത്തി പാലക്കാട്. 35 പോയിന്റുമായാണ് പാലക്കാട് മുന്നില്‍ എത്തിയിരിക്കുന്നത്. 32 പോയിന്റുമായി എറണാകുളവും തൊട്ടുപിന്നാലെയുണ്ട്. 27 പോയിന്റുളള കോഴിക്കോട് ആണ് മൂന്നാം സ്ഥാനത്ത്. 98 ഫൈനലുകളുളള മത്സരത്തില്‍ ആദ്യദിനം 18 ഫൈനലുകളാണ് പൂര്‍ത്തിയായത്.

ആദ്യദിനം മൂന്ന് മീറ്റ് റെക്കോര്‍ഡുകള്‍ക്കും മാങ്ങാട്ടുപറമ്പിലെ യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്ക് വേദിയായി. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ സ്വര്‍ണം നേടിയ ആന്‍സി സോജനും (6.24 മീറ്റര്‍) വെളളി നേടിയ പ്രഭാവതിയും(6.05 മീറ്റര്‍) പുതിയ മീറ്റ് റെക്കോര്‍ഡിട്ടു. സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപിലാണ് ഒന്നാം ദിനത്തിലെ മറ്റൊരു മീറ്റ് റെക്കോര്‍ഡ്. 7.59 മീറ്റര്‍ ചാടിയ പനമ്പിളളി നഗറിലെ സ്പോര്‍ട്സ് അക്കാദമിയിലെ ജോസഫ് ടി. ജെ ആണ് റെക്കോര്‍ഡിട്ടത്.
സ്കൂളുകളില്‍ കോതമംഗലം മാര്‍ബേസില്‍ സ്കൂളാണ് മുന്നില്‍ ( 12 പോയിന്റ്). 11 പോയിന്റുമായി കല്ലടി സ്കൂളും എംഎച്ച്എസ്എസ് പൂവമ്പായിയും തൊട്ടുപിന്നിലുണ്ട്. ഗവ. ഫിഷറീസ് എച്ച്. എസ് നാട്ടികയാണ് 10 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.
