ശിവസേനയ്ക്ക് ആഭ്യന്തരം, എന്‍.സി.പിക്ക് ധനകാര്യം, കോണ്‍ഗ്രസിന് റെവന്യൂ; മഹാരാഷ്ട്രയിലെ അധികാര വിഭജനം ഇങ്ങിനെ

  • Post category:news
  • Reading time:1 min read
You are currently viewing ശിവസേനയ്ക്ക് ആഭ്യന്തരം, എന്‍.സി.പിക്ക് ധനകാര്യം, കോണ്‍ഗ്രസിന് റെവന്യൂ; മഹാരാഷ്ട്രയിലെ അധികാര വിഭജനം ഇങ്ങിനെ

രണ്ടാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ചു നല്‍കി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രാ നിയമസഭയുടെ ശൈത്യകാല സമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെയാണിത്. മുഖ്യമന്ത്രി പദത്തിന് പുറമെ ആഭ്യന്തര വകുപ്പും ശിവസേനയ്ക്ക് ലഭിക്കും. ധനകാര്യ വകുപ്പ് എന്‍.സി.പിക്കും റെവന്യൂ, ഊര്‍ജം എന്നിവ കോണ്‍ഗ്രസിനും ലഭിക്കും.

ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രിയാവും. സുപ്രധാന വകുപ്പുകളായ നഗര വികസനം, വനം – പരിസ്ഥിതി, ജലവിതരണം, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിനാവും. ശിവസേനയിലെ സുഭാഷ് ദേശായിക്കാവും വ്യവസായം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം, കൃഷി, ഗതാഗതം, തൊഴിലുറപ്പ് എന്നീ മന്ത്രാലയങ്ങളുടെ ചുമതല.

എന്‍.സി.പി നേതാവ് ജയന്ത് പാട്ടീലാവും മഹാരാഷ്ട്രയിലെ ധനമന്ത്രി. ഭവന നിര്‍മാണം, ആരോഗ്യം, തൊഴില്‍, ന്യൂനപക്ഷ ക്ഷേമം എന്നിവയുടെ ചുമതലയും അദ്ദേഹത്തിനുണ്ടാവും. എന്‍.സി.പി നേതാവ് ഛഗന്‍ ഭുജ്ബല്‍ നഗര വികസനം, ജലവിഭവം, സാമൂഹ്യക്ഷേമം, ഭക്ഷ്യവകുപ്പ് എന്നിവയുടെ ചുമതലയുള്ള മന്ത്രിയാകും.

കോണ്‍ഗ്രസ് നേതാവ് ബാലസാഹെബ് തോറാട്ടാവും റെവന്യൂമന്ത്രി. മെഡിക്കല്‍ വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് എന്നീ മന്ത്രാലയങ്ങളും അദ്ദേഹത്തിന് ലഭിക്കും. കോണ്‍ഗ്രസിലെ നിതിന്‍ റാവത്താവും പൊതുമരാമത്ത്, ഗോത്രവര്‍ഗ ക്ഷേമം, വനിതാ – ശിശുവികസനം, ടെക്‌സ്‌റ്റൈല്‍സ്, പിന്നാക്ക ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി.

0Shares