പത്തനംതിട്ട: നടതുറക്കുമ്പോള്‍ ശബരിമലയില്‍ യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കുമെന്ന് പത്തനംതിട്ട എസ്.പി ടി. നാരായണന് പറഞ്ഞു. ജില്ലയില്‍ അടുത്ത ദിവസം മുതല്‍ അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. സുരക്ഷയൊരുക്കാന്‍ പൊലീസ് സേന സജ്ജമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് തുറക്കുന്ന നട അടുത്ത ദിവസം രാത്രി പത്തിനാണ് അടയ്ക്കുന്നത്. ഈ 29 മണിക്കൂര്‍ സമയം നിര്‍ണായകമായിരിക്കും. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ ശബരിമലയിലും പരിസരങ്ങളിലും സംഘര്‍ഷം ശക്തമായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് രണ്ട് ദിവസം മുമ്പേ പൊലീസിനെ വിന്യസിക്കുന്നത്. നിലയ്ക്കല്‍, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളില്‍ അനാവശ്യമായി ആളുകള്‍ തങ്ങാന്‍ അനുവദിക്കില്ല. ഐജി പി. വിജയനാണ് സന്നിധാനത്തിന്റെ ചുമതല വഹിക്കുന്നത്. നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ഐ.ജി എം.ആര്. അജിത്കുമാറിനാണ് ചുമതല. ഐ.ജിമാര്‍ക്കൊപ്പം ഐ.പി.എസ് ഓഫീസര്‍മാരും സഹായത്തിനുണ്ടാകും. മരക്കൂട്ടത്ത് എസ്.പിമാര്‍ക്കാണ് ചുമതല. ശബരിമല ദര്‍ശനത്തിനായി പൊലീസ് സംരക്ഷണം തേടി എത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് പത്തനംതിട്ട ജില്ല പൊലീസ് മേധാവി ടി. നാരായണന് അറിയിച്ചു.
ശബരിമലയില്‍ നാളെ മുതല്‍ അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം; യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കുമെന്ന് പൊലീസ്