ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം; ചരിത്രവിധിയുമായി സുപ്രീംകോടതി; വിധി നിരാശാജനകമെന്ന് തന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം; ചരിത്രവിധിയുമായി സുപ്രീംകോടതി; വിധി നിരാശാജനകമെന്ന് തന്ത്രി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ ശബരിമലയില്‍ പ്രവേശിക്കാമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി. ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്നും ഇരട്ടത്താപ്പ് സ്ത്രീകളെ തരംതാഴ്ത്തുന്നതിന് തുല്ല്യമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. വിധിയുടെ കാര്യത്തില്‍ നാല് ജഡ്ജിമാര്‍ക്ക് ഒരു അഭിപ്രായമാണ്. എന്നാല്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രം എതിര്‍പ്പ് പ്രകടിപ്പിച്ചു. ശബരിമലയില്‍ പ്രായം നോക്കാതെ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എട്ടുദിവസത്തെ സുദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ക്കുശേഷം ഓഗസ്റ്റ് ഒന്നിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് വിധിപറയാന്‍ മാറ്റിയത്. സ്ത്രീപ്രവേശനത്തിന് അനുകൂലനിലപാടാണെന്ന് വ്യക്തമാക്കി 2007-ല്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, ശബരിമലയില്‍ തത്സ്ഥിതി തുടരുന്നതിനെ അനുകൂലിച്ച് 2016-ല്‍ യുഡിഎഫ്. സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. തുടര്‍ന്നുവന്ന ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ ഈ സത്യവാങ്മൂലം പിന്‍വലിക്കുകയും ആദ്യത്തെ നിലപാടാണ് സ്വീകരിക്കുന്നതെന്നും വ്യക്തമാക്കി. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷ’നാണ് 2006-ല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമപിന്‍ബലമേകുന്ന 1965-ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല (പ്രവേശന) ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സംഘടനകളും വ്യക്തികളും രണ്ട് അമിക്കസ് ക്യൂറിമാരും വാദമുന്നയിച്ചു. ദേവസ്വം ബോര്‍ഡ്, എന്‍.എസ്.എസ്., പന്തളം രാജകുടുംബം, പീപ്പിള്‍ ഫോര്‍ ധര്‍മ, ‘റെഡി ടു വെയ്റ്റ്’, അമിക്കസ് ക്യൂറി രാമമൂര്‍ത്തി തുടങ്ങിയവര്‍ നിലവിലെ സ്ഥിതി തുടരണമെന്ന് വാദിച്ചു. മുഖ്യഹര്‍ജിക്കാര്‍ക്കു പുറമേ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍, ‘ഹാപ്പി ടു ബ്ലീഡ്’ സംഘടന തുടങ്ങിയവര്‍ സ്ത്രീപ്രവേശനത്തിനായി ശക്തമായി വാദിച്ചു. അതേസമയം വിധി നിരാശാജനമാണെന്നും വിധിയെ മാനിക്കുന്നുവെന്നും തന്ത്രീ കണ്ഠര് രാജീവര് പറഞ്ഞു.

0Shares