കൊച്ചി: ശബരിമലയിലേക്ക് പുറപ്പെട്ട എറണാകുളം സ്വദേശി രഹ്ന ഫാത്തിമയുടെ വീടിന് നേരെ ആക്രമണം. യുവതിയുടെ വീട് ഒരു സംഘം തല്ലിത്തകര്‍ത്തു. അക്രമികള്‍ ബൈക്കിലെത്തി വീടിന്റെ ജനല്‍ചില്ലുകളും മറ്റും തകര്‍ത്തിട്ടുണ്ട്. ഗ്യാസ്കുറ്റിയും മറ്റു ഉപകരണങ്ങളും തകര്‍ത്തതായാണ് വിവരം. സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തുകയാണ്. ഇന്ന് രാവിലെയാണ് ഐജി ശ്രീജിത്ത് അടക്കമുള്ള പൊലീസ് സംഘത്തിന്റെ അകമ്പടിയോടെ രഹ്ന അടക്കം രണ്ട് യുവതികള്‍ മലകയറിയത്. എന്നാല്‍ ഭക്തര്‍ ഇവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
പോലീസ് അകമ്പടിയോടെ നടപ്പന്തല്‍ വരെ ഇവര്‍ എത്തിയിരുന്നു. തുടര്‍ന്നാണ് ഭക്തരുടെ പ്രതിഷേധം രൂക്ഷമായത്. അതേസമയം, ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് സംരക്ഷണത്തില്‍ സന്നിധാനത്തിനടുത്ത് എത്തിയ യുവതികള്‍ തിരിച്ചുമടങ്ങിയത്. ആക്ടിവിസ്റ്റുകളുടെ ശക്തിപ്രകടിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ശബരിമലയില്‍ ഭക്തരുടെ താല്പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. ഭക്തരായുള്ള ആളുകള്‍ വന്നാല്‍ അവര്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ചു വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലേക്ക് പുറപ്പെട്ട രഹ്ന ഫാത്തിമയുടെ വീടിന് നേരെ ആക്രമണം