പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച അയ്യപ്പ ധര്‍മ സേന പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു. പമ്പ ഗണപതി കോവിലിന് സമീപം നാമജപ സമരം നടത്തിവന്ന പന്തളം രാജകുടുംബാംഗങ്ങളും, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, തന്ത്രികുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് നീക്കം ചെയ്തത്. അറസ്റ്റിലായവരെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്കാണ് എത്തിക്കുന്നത്. ശബരിമല ദര്‍ശനത്തിന് ആന്ധ്രയില്‍ നിന്നെത്തിയ യുവതിയെയും കുടുംബത്തെയും ഇവര്‍ തടഞ്ഞിരുന്നു.
ഇവരെ പമ്പയ്ക്കപ്പുറത്തേക്ക് പൊലീസ് കടത്തിവിട്ടെങ്കിലും പ്രതിഷേധക്കാര്‍ പിന്നാലെയെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്തത്. വിശ്വാസികളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. ഇതിനിടെ, ചേര്‍ത്തല സ്വദേശിയെ തടഞ്ഞ സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 50 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ശബരിമല പ്രതിഷേധം; പ്രയാറിനെയും തന്ത്രികുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു