
തിരുവനന്തപുരം: വേനല്‍ അവധി സമയത്ത് സംസ്ഥാനത്ത് അത്യുഷ്ണവും അതിവരള്‍ച്ചയും ഉണ്ടാകാനിടയുണ്ടെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് പരിഗണിച്ച് സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍/ എയിഡഡ് / അണ്‍എയിഡഡ് / ലോവര്‍ പ്രൈമറി / അപ്പര്‍ പ്രൈമറി / ഹൈസ്‌കൂള്‍ / ഹയര്‍സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, സി.ബി.എസ്ഇ, ഐ.സി.എസ്ഇ സ്‌കൂളുകള്‍ക്ക് നിര്‍ദേശം ബാധകമാണ്.
ഈ വര്‍ഷം ഏപ്രില്‍-മേയ് മാസങ്ങളില്‍ കഠിനമായ ചൂടും ജലക്ഷാമവും കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഈ സമയത്ത് ചില സ്‌കൂളുകള്‍ അവധിക്കാല ക്ലാസുകള്‍ നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മിഷനും ഉത്തരവിട്ടിരുന്നു. അത് കൂടി കണക്കിലെടുത്താണ് സ്‌കൂള്‍ അടയ്ക്കാനും ജൂണിലെ ആദ്യ പ്രവൃത്തിദിനത്തില്‍ തുറക്കാനും നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയത്.

സംസ്ഥാന വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും വകുപ്പ് നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുകയാണെങ്കില്‍ ഉത്തരവാദികള്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കുന്നു. കുട്ടികള്‍ക്കുള്ള അവധിക്കാലം കവര്‍ന്നെടുത്തുകൊണ്ട് ക്ലാസുകള്‍ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ദേശീയ ബാലാവകാശ കമ്മീഷനും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
വേനല്‍ അവധി കാലത്ത് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ക്യാമ്പുകള്‍ക്കും ശില്‍പശാലകള്‍ക്കും വിദ്യാഭ്യാസ ഓഫീസറില്‍നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പരമാവധി പത്തുദിവസംമാത്രമാണ് ക്യാമ്പ് നടത്താവുന്നത്. ഇതില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ശുദ്ധജലവും ഭക്ഷണവും ലഭ്യമാകുമെന്ന് ഉറപ്പാക്കണം. ഫാന്‍, ടോയ്ലറ്റ്, പ്രഥമശുശ്രൂഷ എന്നിവയടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് പരിശോധന നടത്തി ഉറപ്പുവരുത്തിയതിന് ശേഷമേ അനുമതി നല്‍കാവൂവെന്നാും സര്‍ക്കുലറില്‍ പറയുന്നു.
