ജമ്മു: റോഡരികില്‍ യാചകയായി ഇരുന്ന സ്ത്രീയില്‍ നിന്നും പണം തട്ടിപ്പറിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്തു. മനവ്വര്‍ ഹുസൈന്‍ എന്ന ഹെഡ്‌കോണ്‍സ്റ്റബിളിനെയാണ് ആദ്യം സസ്‌പെന്റുചെയ്യുകയും പിന്നീട് അറസ്റ്റുചെയ്യുകയും ചെയ്തത്. ജമ്മു കാശ്മീരിലെ റംബാന്‍ ജില്ലയിലാണ് സംഭവം. പോലീസുകാരന്‍ വൃദ്ധയ്ക്കരികിലെത്തി ചോദ്യം ചെയ്യുന്നതും അവരില്‍നിന്നും പണംവാങ്ങുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയവഴി പ്രചരിച്ചതോടെയാണ് അറസ്റ്റുണ്ടായത്. പ്രതിക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റംബാന്‍ എസ്.എസ്.പി മോഹന്‍ ലാല്‍ പറഞ്ഞു. അമിത മദ്യപാനത്തെ തുടര്‍ന്ന് കിഷ്ത്വാറില്‍ നിന്നും ഇയാളെ അടുത്തിടെയാണ് ഇവിടേക്ക് സ്ഥലം മാറ്റിയത്.
റംബാന്‍ പോലീസ് ലൈനില്‍ ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. കിഷ്ത്വാറില്‍ ഇയാള്‍ക്കെതിരെ മൂന്നു കേസുകള്‍ നിലവിലുണ്ട്. മദ്യപാനത്തിന് അടിമയായതിനെ തുടര്‍ന്ന് പൊലിസ് ഇയാളുടെ എ.ടി.എം കാര്‍ഡ് ഉള്‍പ്പെടെ ഭാര്യയെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പാവപ്പെട്ടവരില്‍ നിന്നും പിടിച്ചുപറിച്ച് മദ്യപാനത്തിന് പണം കണ്ടെത്തുകയായിരുന്നു പരിപാടിയെന്ന് പോലിസ് പറഞ്ഞു.