മുംബൈ; ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതായതോടെ ഇപ്പോള്‍ കുടുംബത്തോടൊപ്പം കഴിയുകയാണെന്നാണ് കരുതിയവര്‍ക്ക് തെറ്റി. സുരേഷ് റൈന ഇപ്പോഴും പരിശീലനത്തിലാണ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച കോച്ചും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവുമായ ഗ്യാരി കേസ്റ്റന്റെ കീഴില്‍ പരിശീലനത്തിലാണ് റെയ്നയിപ്പോള്‍. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. നെതര്‍ലന്‍ഡിലാണ് ഇരുവരും തമ്മിലുളള കൂടിക്കാഴ്ച്ച നടന്നത്.

‘വളരെ മനോഹരമാണ് അമാനുഷിക കഴിവുകളുളള ഇദ്ദേഹത്തോടൊപ്പം പരിശീലിക്കാന്‍. എല്ലായിപ്പോഴും വളരെ അധികം കാര്യങ്ങള്‍ കേസ്റ്റണില്‍ നിന്നും പഠിക്കാനാകാറുണ്ട്’ റെയ്ന ട്വിറ്ററില്‍ കുറിച്ചു.. ഇന്ത്യയ്ക്കായി 233 ഏകദിനവും 65 ട്വന്റി-20യും കളിച്ചിട്ടുളള താരമാണ് റെയ്ന. ഏകദിനത്തില്‍ 5568 റണ്‍സും ട്വന്റി-20യില്‍ 1307 റണ്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2015-16 കാലഘട്ടത്തില്‍ ബി.സി.സി.ഐ.യുമായി ബി ഗ്രേഡ് കരാറിലുളള താരമായിരുന്നു റെയ്ന. 2015 ഒക്ടോബറിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിച്ചത്.