
ചേർത്തലയ്ക്ക് അടുത്തുള്ള തൃച്ചാറ്റുകുളത്ത് മകളുടെ വിവാഹം നടക്കാൻ മകളറിയാതെ ‘അമ്മ കൃപാസനം പത്രം അരച്ചുകൊടുത്ത് ആശുപത്രിയിൽ ആയതോടെ അന്ധവിശ്വാസങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളിയുടെ പുതിയ ചികിത്സാരീതി പുറത്തുവന്നിരിക്കുന്നത്. ദൈവ വിശ്വാസിയെങ്കിലും ധ്യാനഗുരുക്കന്മാരിൽ തീരെ വിശ്വാസം ഇല്ലാത്ത മകൾ അമ്മ പലതവണ പറഞ്ഞിട്ടും ജോസഫ് അച്ഛനുമായുള്ള മധ്യസ്ഥതയിൽ കർത്താവുമായി ഉടമ്പടി ഒപ്പിടാൻ പോകാതിരുന്നതിനാൽ മക്കൾക്കുവേണ്ടി അമ്മ ഉടമ്പടി എടുക്കുകയായിരുന്നു. അതിനായി
കുടുംബശ്രീയിൽനിന്ന് കടമെടുത്ത തുക കൊണ്ടാണ് അമ്മ പത്രത്തിനുള്ള വാർഷിക വരിസംഖ്യ അടച്ചത്. ഉടമ്പടി പ്രകാരം 2000 രൂപയ്ക്കുള്ള “കൃപാസനം ” പത്രം വാങ്ങിയ അമ്മ കഴിഞ്ഞ ഒരാഴ്ച്ചയായി ആ പത്രത്തിൽനിന്ന് ഓരോന്ന് വെള്ളത്തിലിട്ട് കുതിർത്ത് ദോശയിലും ചമ്മന്തിയിലും കറികളിലുമൊക്കെ അരച്ചുകൊടുത്ത് അച്ചടിമഷിയും പേപ്പറും തീറ്റിച്ചുകൊണ്ടിരിക്കുകയായിരുന്നു.

27 വയസുകഴിഞ്ഞ മകളുടെ വിവാഹം വൈകിയത് എന്തൊക്കെയോ പൈശാചിക ബന്ധനകളുടെ ഫലമായിട്ടാണെന്നും എന്നാൽ ആകെട്ടുകളെല്ലാം ആദ്യം ഉടമ്പടിവെച്ച് പ്രാർത്ഥിച്ച ദിവസം തന്നെ ജോസഫ് അച്ചൻ അഴിച്ചെന്നും അവരെ വിശ്വസിപ്പിച്ച് കൃപാസനം പത്രം വാങ്ങാൻ നിർബന്ധിക്കുകയായിരുന്നു. മാതാവ് നൽകിയപണം വാങ്ങിയ ശേഷം ആ തുകയ്ക്കുള്ള കൃപാസനം പത്രം അവർക്ക് വെഞ്ചരിച്ചു നൽകി.അച്ചൻ പ്രാർത്ഥനയുടെ ശക്തിമുഴുവൻ ആവാഹിച്ച് നൽകിയ കൃപാസനത്തിലെ വചനങ്ങൾക്ക് ശക്തിയുണ്ടെന്നും അത് ചുളുവിൽ അങ്ങനെ അയൽവക്കക്കാർക്കു കൊടുക്കണ്ട എന്ന് തീരുമാനിച്ച ‘അമ്മ അതുമുഴുവൻ അരച്ച് മകൾക്ക് തന്നെ കൊടുക്കാൻ തീരുമാനവും എടുത്തു.
പത്രം അരച്ച് കലക്കിയ ഭക്ഷണം തുടർച്ചയായി ഉള്ളിൽ ചെന്നതോടെ രണ്ടുദിവസമായി ശരീരത്തിൽ ചൊറിച്ചിലും മനംപുരട്ടലുമൊക്കെ അനുഭവപ്പെട്ട പെൺകുട്ടി ശാരീരിക അസ്വസ്ഥത കൂടിയതോടെ ആദ്യം അരൂക്കുറ്റി ആശുപത്രിയിലും പിന്നീട് ചേർത്തല ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. അവിടെ നടന്ന വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമാണ് ഫുഡ് പോയ്സൺ ആണ് ചൊറിച്ചിലിനും ഛർദ്ദിയ്ക്കും കാരണമെന്ന് മനസിലാക്കിയത്.
ഭക്ഷണം കഴിച്ചപ്പോൾ രണ്ടു ദിവസമായി രുചിവ്യത്യാസം അനുഭവപ്പെടുന്നത് മകൾ ചോദിച്ചിരുന്നെങ്കിലും അമ്മ അപ്പോഴെല്ലാം വെളിച്ചെണ്ണയ്ക്ക് പകരം സപ്ലൈകോയിൽനിന്ന് കിട്ടുന്ന സൂര്യകാന്തി എണ്ണയാണ് ഉപയോഗിച്ചതെന്നും അതുകൊണ്ടാണെന്നും അതിന് വെളിച്ചെണ്ണയുടെ പകുതി വിലയേ ഉള്ളൂ എന്നും പറഞ്ഞു നുണപറയുകയായിരുന്നു. ശാരീരിക അസ്വസ്ഥത വർദ്ധിച്ചതിനെ തുടർന്ന് മകൾ ആശുപത്രിയിലാകുകയും ഫുഡ് പോയിസൺ ആണെന്ന് ഡോക്റ്റർ കണ്ടുപിടിക്കുകയും ചെയ്തതോടെ അവസാനം അമ്മ സത്യം തുറന്നുപറയുകയായിരുന്നു.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടാൽ ഉടൻതന്നെ Drugs and Magic Remedies Act, 1954 പ്രകാരം താൻ പരാതിനൽകുമെന്ന് യുവതി പറഞ്ഞു.
