കംപാല: സോഷ്യല്‍ മീഡിയ സൈറ്റുകളായ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, വൈബര്‍, ട്വിറ്റര്‍ എന്നിവ ഉപയോഗിക്കാന്‍ ഇനി നികുതി നല്‍കണം. ഉഗാണ്ടയിലാണ് പുതിയ നിയമം പാസ്സാക്കിയത്. ഗോസിപ്പുകളുടെ പ്രചരണം തടയുന്നതിനും വരുമാനമുണ്ടാക്കുന്നതിനുമാണ് ഭരണകൂടം ഇത്തരത്തിലുള്ള തീരുമാനം എടുത്തത്. ജൂലായ് ഒന്നുമുതല്‍ നിലവില്‍ വരുന്ന പുതിയ എക്സൈസ് നികുതി ബില്‍ അനുസരിച്ചായിരിക്കും നികുതി ഈടാക്കുക. ഈ നിയമ പ്രകാരം ഉപയോക്താക്കള്‍ പ്രതിദിനം 200 ഷില്ലിങ് (3.6 രൂപ) നല്‍കേണ്ടിവരുമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന നികുതി രാജ്യത്തിന് സഹായകമാവുമെന്നു ഉഗാണ്ട പ്രസിഡന്റ് യൊവേരി മുസേവെനി പറയുന്നു. സോഷ്യല്‍ മീഡിയ ഗോസിപ്പുകള്‍ക്ക് പ്രചാരം നല്‍കുന്നുവെന്ന് ആരോപിച്ചാണ് സോഷ്യല്‍ മീഡിയാ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇരുപത് ലക്ഷത്തില്‍ അധികമാളുകള്‍ ഉഗാണ്ടയില്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. രാജ്യത്തിന്റെ വളര്‍ന്നുവരുന്ന ദേശീയ കടബാധ്യതയ്ക്ക് ഈ നികുതി ഗുണം ചെയ്യുമെന്ന് ഉഗാണ്ടയുടെ ധനകാര്യ മന്ത്രി ഡേവിഡ് ബഹാടി പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടു. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് കനത്ത പിഴയും രണ്ടുവര്‍ഷം തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റകൃത്യമാക്കി കെനിയ പുതിയ സൈബര്‍ക്രൈം ബില്‍ പാസാക്കിയിരുന്നു.
വാട്സ്ആപ്പും ഫെയ്സ്ബുക്കും ഉപയോഗിക്കാന്‍ ഇനി നികുതി നല്‍കണം; ഗോസിപ്പുകളുടെ പ്രചരണം തടയുന്നതിനും വരുമാനമുണ്ടാക്കുന്നതിനുമാണ് ഈ തീരുമാനം