വയനാടിന്‍റെ സമര ചരിത്രത്തിൽ പുതിയ മുന്നേറ്റം; തൊവരിമല ഭൂമിയിൽ നൂറ് കണക്കിന് ആദിവാസി സ്ത്രീകൾ ഉൾപ്പെടെ ആയിരത്തോളം ഭൂരഹിത കുടുബങ്ങൾ അവകാശം സ്ഥാപിച്ചുകൊണ്ട് കുടിൽ കെട്ടി

  • Post category:news
  • Reading time:2 mins read
You are currently viewing വയനാടിന്‍റെ സമര ചരിത്രത്തിൽ പുതിയ മുന്നേറ്റം; തൊവരിമല ഭൂമിയിൽ നൂറ് കണക്കിന് ആദിവാസി സ്ത്രീകൾ ഉൾപ്പെടെ ആയിരത്തോളം ഭൂരഹിത കുടുബങ്ങൾ അവകാശം സ്ഥാപിച്ചുകൊണ്ട് കുടിൽ കെട്ടി

വയനാടിന്‍റെ സമര ചരിത്രത്തിൽ പുതിയ മുന്നേറ്റങ്ങൾക്ക് തുടക്കമിട്ടു കൊണ്ട് കൃഷിഭൂമിക്കും പാർപ്പിടത്തിനും വേണ്ടി ഭൂരഹിതരുടെ കരുത്തുറ്റ പ്രക്ഷോഭം. തൊവരിമല ഭൂമിയിൽ നൂറ് കണക്കിന് ആദിവാസി സ്ത്രീകൾ ഉൾപ്പെടെ ആയിരത്തോളം ഭൂരഹിത കുടുബങ്ങൾ ഇന്നലെ തെരഞ്ഞെടുപ്പ് പാർട്ടികളുടെ ആഘോഷങ്ങളുടെ കലാശക്കൊട്ടിനിടെ വൈകിട്ട് മൂന്ന് മണിയോടെ അവകാശം സ്ഥാപിച്ചുകൊണ്ട് കുടിൽ കെട്ടി സമരമാരംഭിച്ചു.

തൊവരിമലയിൽ 1970 ൽ അച്ചുത മേനോൻ സർക്കാർ നിയമനിർമ്മാണം നടത്തി ഹാരിസൺ മലയാളം പ്ലാന്റേഷനിൽ നിന്നും തിരിച്ചുപിടിച്ച നൂറിൽ പരം ഹെക്ടർ വരുന്ന മിച്ചഭുമിയിലാണ് ഭൂസമരസമിതിയുടെ നേതൃത്വത്തിൽ ഭൂസമരമാരംഭിച്ചത്. അഖിലേന്ത്യാ വിപ്ലവ കിസാൻ സഭ യുടേയും ആദിവാസി ഭാരത് മഹാസഭയുടേയും നേതൃത്വത്തിലാണ് ഭൂസമര സമിതി സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഹാരിസൺ, ടാറ്റ ഉൾപ്പെടെ തോട്ടം കുത്തകകൾ നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കയ്യടക്കി വെച്ചിരിക്കുന്ന അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ ഉടൻ നിയമനിർമ്മാണം നടത്തുക. തോട്ടം തൊഴിലാളികൾക്കും ആദിവാസികളുൾപ്പെടെ മുഴുവൻ ഭൂരഹിതർക്കും കൃഷിഭൂമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഭൂസമരത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

പ്രക്ഷോഭത്തിന് എ.ഐ.കെ.കെ.എസ് സംസ്ഥാന സിക്രട്ടറിഎം.പി.കുഞ്ഞിക്കണാരൻ, സി.പി.ഐ (എം.എല്‍) റെഡ്സ്റ്റാർ സംസ്ഥാന എകസിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് അപ്പാട്ട് ഭൂസമരസമിതി നേതാക്കളായ കെ.വെളിയൻ, ബിനു ജോൺ പനമരം, ജാനകി.വി, ഒണ്ടൻ മാടക്കര, രാമൻ അടുവാടി തുടങ്ങിയവർആണ് നേതൃത്വം കൊടുക്കുന്നത്.

സുൽത്താൻ ബത്തേരി താലൂക്കിൽ നെന്മേനി പഞ്ചായത്തിലാണ് എടക്കൽ ഗുഹയിൽ നിന്നും വെറും 4 കി.മിറ്റർ മാത്രം അകലത്തുള്ള തൊവരിമല ഭൂമി. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പു പോലും വയനാടൻ ആദിമ ഗോത്ര ജനത അധിവസിച്ചിരുന്ന ഭൂമിയായിരുന്നു തൊവരിമലയെന്ന് തെളിവുകൾ നിരത്തി ചരിത്ര ഗവേഷകർ വിലയിരുത്തുന്നു.തൊവരിമലയിൽ അങ്ങിങ്ങായി കാണുന്ന കൂറ്റൻ പാറകളിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ ആലേഖനം ചെയ്യപ്പെട്ടെതന്ന് കരുതുന്ന ശിലാ ചിത്രങ്ങൾ ഇപ്പൊഴും നിലനില്ക്കുന്നു.

തൊവരിമല എസ്റ്റേറ്റിന്‍റെ ഭാഗമായിരുന്ന ഈ ഭൂമി കമ്പനി വിറക് തോട്ടമായി മാറ്റിനിർ ത്തിയതായിരുന്നു. 1970 അച്ചുതമേനോൻ സർക്കാരാണ് തൊവരിമലയിലെ ഈ ഭുമി ഉൾപ്പെടെ മിച്ചഭൂമിയായി പ്രഖ്യാപിച്ചു കൊണ്ട് വയനാട് ജില്ലയിൽ മാത്രമായി 5000 ഏക്കറോളം ഭൂമി എറ്റെടുക്കുന്നത്. ഇങ്ങനെ ബത്തേരി ,വൈത്തിരി താലൂക്കുകളിലായി സർക്കാർ ഏറ്റെടുത്ത ആയിരക്കണക്കിന് ഏക്കർ വരുന്ന മിച്ചഭുമിയിൽ ഒരു സെൻറ് ഭൂമി പോലും വിതരണം ചെയ്യാൻ ഒരു സർക്കാറും ഇതേ വരെ തയ്യാറായില്ല.

0Shares