
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.ബി. രാജേഷും എം. ചന്ദ്രനും അടക്കം 14 ജില്ലാ കമ്മറ്റി അംഗങ്ങള്‍ എതിര്‍ത്തിട്ടും പി.കെ ശശിയുടെ സി.പി.എമ്മിലേക്കുള്ള മടങ്ങി വരവിനെ തുണച്ചത് കേന്ദ്ര കമ്മറ്റിയംഗം എ.കെ ബാലന്. ജില്ലാ ഘടകത്തില്‍ നിര്‍ണായക സ്വാധീനമുള്ള ശശിയെ തിരിച്ചെടുക്കണമെന്ന ജില്ല കമ്മിറ്റി ശുപാർശ സംസ്ഥാന സമിതിയിൽ അംഗീകരിക്കപ്പെട്ടാൽ പാലക്കാട്ടെ പാർട്ടിയിൽ ശശിയുടെ ആധിപത്യം വീണ്ടും സ്ഥാപിക്കപ്പെടും. ഡി.വൈ.എഫ്.ഐ വനിത നേതാവിന്റെ പരാതിയെ തുടർന്ന് കേന്ദ്ര കമ്മിറ്റി വരെയെത്തിയ ചർച്ചകൾ സംസ്ഥാനതലത്തിൽ വൻ വിവാദത്തിനാണ് തിരികൊളുത്തിയത്.
ഡി.വൈ.എഫ്.ഐയിലെ വനിത നേതാവിന്റെ പരാതിയിൽ കഴിഞ്ഞ നവംബറിലാണ്, ജില്ല സെക്രട്ടറിയറ്റ് അംഗമായിരുന്ന പി.കെ ശശിയെ പാർട്ടിയിൽനിന്ന് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. എം.ബി. രാജേഷ് വനിത നേതാവിനൊപ്പം നിന്നത് രാജേഷും പി.കെ. ശശിയും തമ്മിലുള്ള ബന്ധം കൂടുതൽ ഉലയാൻ നിമിത്തമായി.ഇതിന്റെ തുടർച്ചയെന്നോണം രാജേഷിന്റെ പാലക്കാെട്ട പരാജയത്തിൽ പി.കെ. ശശിക്ക് പങ്കുണ്ടെന്ന ആരോപണവും ഉയർന്നു.

കോങ്ങാട്, മണ്ണാർക്കാട് നിയമസഭ മണ്ഡലങ്ങളിൽ ഉണ്ടായ വോട്ടുചോർച്ച ശശിക്കെതിരായ പരാതിയായി ഉന്നയിക്കപ്പെട്ടു. എന്നാൽ, ഇതൊന്നും ശശിയുടെ തിരിച്ചുവരവിന് തടസ്സമായില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ജില്ല കമ്മിറ്റി യോഗമാണ് ശശിയെ ജില്ല ഘടകത്തിൽ തിരിച്ചെടുക്കാൻ ശുപാർശ ചെയ്തത്. ജില്ല സെക്രട്ടറിയറ്റംഗങ്ങളായ ടി.കെ. നാരായണദാസ്, പി. മമ്മിക്കുട്ടി എന്നിവരടക്കം 14 പേർ തീരുമാനത്തിൽ പ്രതിഷേധമറിയിച്ചെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ ശുപാർശ അംഗീകരിക്കപ്പെട്ടു. എന്നാല്‍ കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലന്റെ പിന്തുണയാണ് ശശിയെ തുണച്ചത്.
പീഡന പരാതി അന്വേഷിച്ച കമീഷൻ അംഗമായിരുന്ന എ.കെ. ബാലൻ റിപ്പോർട്ട് സമർപ്പിക്കുന്നത് പരമാവധി വൈകിപ്പിച്ചതായി അന്ന് ആരോപണം ഉയർന്നിരുന്നു. വിഭാഗീയതയാണ് ശശിക്കെതിരായ പരാതിക്ക് പിന്നിൽ എന്നായിരുന്നു ബാലന്റെ വാദം.സസ്പെൻഷൻ കാലയളവിൽ ശശി മികച്ച പ്രവർത്തനം കാഴ്ചവെചെന്ന് ഭൂരിപക്ഷം ജില്ല കമ്മിറ്റിയംഗങ്ങളും പറഞ്ഞു. ശശിക്കെതിരെ പരാതി നൽകിയപ്പോൾ പിന്തുണച്ചവരെ ഡി.വൈ .എഫ്.ഐ നേതൃനിരയിൽനിന്ന് നീക്കാൻ കരുനീക്കം ഉണ്ടായതായി ആരോപണം ഉയർന്നിരുന്നു.
ചില ഭാരവാഹികൾ ഒഴിവാക്കപ്പെട്ടു. പിന്തുണച്ചവരെ ഒറ്റപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പരാതിക്കാരി രണ്ടുമാസംമുമ്പ് സംഘടനയിൽനിന്ന് രാജിവെച്ചിരുന്നു. ശശി തിരിച്ചെത്തുന്നത് വിഭാഗീയതക്ക് ആക്കംകൂട്ടും. ഇത് മുൻകൂട്ടി കണ്ടാണ് ഒരുവിധത്തിലുമുള്ള വിഭാഗീയത അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ജില്ല കമ്മിറ്റി യോഗത്തിൽ മുന്നറിയിപ്പ് നൽകേണ്ടിവന്നത്.
