
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മേയര്‍ വി.കെ പ്രശാന്ത് സ്വന്തമാക്കിയത് അട്ടിമറി വിജയം. ഇഞ്ചോടിച്ച് പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തുടക്കം മുതല്‍ തടുക്കാനാവാത്ത ലീഡ് നിലനിര്‍ത്തിയ വി.കെ പ്രശാന്തിന്റെ ഭൂരിപക്ഷം 14,251ആയിരുന്നു.

എന്‍.എസ്.എസിന്റെ സമുദായ സ്വാധീനം വളരെയുള്ള വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫിനെതിരായ എന്‍.എസ്.എസ് നിലപാട് കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഗുണം ചെയ്യുമെന്ന് തന്നെയായിരുന്നു കണക്കുകൂട്ടുലുകളും. പക്ഷെ മേയര്‍ പ്രശാന്തിന്റെ ജനകീയതയ്ക്ക് മുന്നില്‍ സമുദായ വോട്ടുകളേക്കാള്‍ രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചയായത്.
68 പോളിങ് ബൂത്തുകളിലായാണ് വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നത്.62.66 ശതമാനമായിരുന്നു പോളിങ് ശതമാനം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ മണ്ഡലത്തിലെ 1,97,570 വോട്ടര്‍മാരില്‍ 1,23,804 പേരാണ് വോട്ട് ചെയ്തത്.
