തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ലോക്നാഥ് ബെഹ്റ വീണ്ടും. ബെഹ്റയെ സംസ്ഥാന പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ മന്ത്രിസഭാ യോഗം കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു. നിലവിൽ വിജിലന്‍സ് ഡയറക്ടറായ ലോക്നാഥ് ബെഹ്റ ആ ചുമതലയും തുടര്‍ന്നു വഹിക്കുമെന്നാണ് സൂചന. സര്‍വീസിലെ സീനിയറായ ജേക്കബ് തോമസിനെ തഴഞ്ഞാണ് ബെഹ്റ പോലീസ് മേധാവിയാകുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2016 മേയ് 31നു ടി.പി. സെന്‍കുമാറിനെ പുറത്താക്കി ലോക്നാഥ് ബെഹ്റയെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചിരുന്നു.
ഇതിനെ ചോദ്യംചെയ്തു സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന പോലീസ് മേധാവിയായി അദ്ദേഹത്തെ നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സെന്‍കുമാര്‍ വീണ്ടു പോലീസ് മേധാവിയായി ചുമതലയേറ്റതോടെ ബെഹ്റയെ വിജിലന്‍സ് ഡയറക്ടറായി സർക്കാർ നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചാണ് ബെഹ്റയെ നിയമിച്ചത്.
ഒഡീഷ സ്വദേശിയായ ബെഹ്റ 55 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണു സംസ്ഥാന പോലീസ് മേധാവിയുടെ കസേരയില്‍ വീണ്ടും മടങ്ങിയെത്തുന്നത്. കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായി 1985-ല്‍ സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹത്തിന് ആലപ്പുഴ എഎസ്പിയായിട്ടായിരുന്നു ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍, കൊച്ചി പോലീസ് കമ്മീഷണര്‍ തുടങ്ങിയ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 10 വര്‍ഷം സി.ബി.ഐയില്‍ എസ്പി, ഡി.ഐ.ജി തസ്തികകളില്‍ സേവനമനുഷ്ഠിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.