വാഷിംങ്ടണ്‍: ഭൂമിയില്‍ നമ്മെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ‘ഒരാള്‍’ സദാസമയവും ജാഗരൂകനായി നിലകൊള്ളുന്നുണ്ടെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ?. ഭൂമിയുടെ ഈ കാവല്‍ക്കാരനെ നന്ദിപൂര്‍വ്വം നമുക്ക് ഓര്‍ത്തെടുത്തേ മതിയാവൂ. മനുഷ്യകുലത്തിന്റെ അന്ത്യത്തെക്കുറിച്ചും ലോകാവസാനത്തെക്കുറിച്ചും പണ്ടുമുതല്‍ക്കെ നാം കേട്ടു വരുന്നുണ്ട്. എന്നാല്‍ സുഖലോലുപരായി ജീവിക്കുമ്പോള്‍ നാം അതൊക്കെ മറന്നുപോവുകയാണ് പതിവ്. ലോകാവസാനത്തിനുള്ള കാരണങ്ങളായി പലകാര്യങ്ങളും ആധുനിക സയന്‍സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതില്‍ ഒന്ന് ആകാശത്തുനിന്നുള്ള വന്‍ ഭീഷണിയാണ്. ആകാശത്തിന്റെ അനന്ത വിദൂരതയിലുള്ള ഉല്‍ക്കകളും ഛിന്നഗ്രഹങ്ങളും ഭൂഗോളത്തിന് ഭീഷണിയായി വര്‍ത്തിക്കുന്നുവെന്നാണ് ശാസ്ത്രലോകം ഓര്‍മ്മിപ്പിക്കുന്നത്. ആകാശത്തുനിന്നുള്ള ഈ അന്തകന്മാരെ കണ്ടെത്തി മുന്നറിയിപ്പ് തരാന്‍ അമേരിക്കയിലെ ബഹിരാകാശ ഗവേഷണ നിലയമായ നാസ സദാ ജാഗ്രത പുലര്‍ത്തുന്നു. ബഹിരാകാശത്ത് ചുറ്റിക്കറങ്ങുന്ന പേടകങ്ങളും ഭൂമിയിലെ കൂറ്റന്‍ ടെലസ്കോപ്പുകളും അതുവഴിയുള്ള നിരീക്ഷണത്തിന് ഒട്ടേറെ ഗവേഷകരുമായി നാസയ്ക്ക് ഒരു വന്‍ സന്നാഹം തന്നെയുണ്ട്്. ‘നിയര്‍-എര്‍ത്ത് ഓബ്ജെക്ട് (എന്‍ഇഒ) ‘ഒബ്സര്‍വേഷന്‍സ് പ്രോഗ്രാം’ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ: ഭൂമിക്കു നേരെ പാഞ്ഞടുക്കുന്ന ഉല്‍ക്കകളെയും ഛിന്നഗ്രഹങ്ങളെയും കണ്ടെത്തുക. അവയില്‍ ഏതെങ്കിലും ഒന്ന് ഭൂമിയിലേക്കു പതിക്കാന്‍ സാധ്യതയുണ്ടോയെന്നു പരിശോധിക്കുക. അഥവാ അത്തരമൊരു ഉല്‍ക്കയോ ഛിന്നഗ്രഹമോ കണ്ണില്‍പ്പെട്ടാല്‍ അതുസംബന്ധിച്ച കൃത്യമായ റിപ്പോര്‍ട്ട് ഗവേഷകരും യുഎസ് ഭരണകൂടവുമായും പങ്കുവയ്ക്കുക. അങ്ങനെയാണ് ഞെട്ടിക്കുന്ന ഒരു സംഭവം ഇക്കഴിഞ്ഞ ദിവസം നടന്നത്. ഭാഗ്യം കൊണ്ടു മാത്രമാണ് ഭൂമിയില്‍ വന്‍നാശം വിതയ്ക്കാവുന്ന ഒരു ഛിന്നഗ്രഹത്തിന്റെ ‘ആക്രമണ’ത്തില്‍ നിന്ന് നാം രക്ഷപ്പെട്ടത്. കോടികള്‍ ചെലവിട്ട് നടത്തുന്ന എന്‍ഇഒ പ്രോഗ്രാമിനു പോലും നേരത്തേ കണ്ടെത്താന്‍ പറ്റാത്തവിധമായിരുന്നു 2017എജി13 എന്നു പേരിട്ട ഛിന്നഗ്രഹം ഭൂമിക്ക് തൊട്ടരികിലൂടെ പാഞ്ഞുപോയത്. വരുന്ന ഒക്ടോബറില്‍ അത്തരമൊരു ഛിന്നഗ്രഹം ഭൂമിയെ ആക്രമിക്കാന്‍ വലിയ സാധ്യതയുണ്ടെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞന്മാര് മുന്നറിയിപ്പ് തരുന്നത്.

ജനുവരി ഏഴിനാണ് കലിഫോര്‍ണിയയിലുള്ള നാസയുടെ കാറ്റലീന സ്കൈ സര്‍വേ പ്രോഗ്രാമിന്റെ ടെലസ്കോപ്പുകളിലൊന്നില് എജി 13ന്റെ ദൃശ്യം പതിഞ്ഞത്. ഒരു പത്തുനിലകെട്ടിടത്തിന്റെ ഉയരമുള്ളതായിരുന്നു ഭൂമിയെ അക്രമിക്കാന്‍ ഒരുങ്ങിയ ആ ഛിന്നഗ്രഹം. വേഗതയാകട്ടെ സെക്കന്‍ഡില്‍ 16 കിലോമീറ്ററും. എന്നാല്‍ ഭാഗ്യം കൊണ്ടാണ് ഭൂമി രക്ഷപ്പെട്ടത്. സൂര്യനെ ചുറ്റി ബഹിരാകാശത്ത് അലയുന്നവയാണ് ഛിന്നഗ്രഹങ്ങള്‍. ഇവയില്‍ ഏതാനും മീറ്റര്‍ മുതല്‍ കിലോമീറ്ററുകളോളം വലുപ്പമുള്ളവ വരെയുണ്ട്. ചിലത് മഞ്ഞുപാളികളാല്‍ നിര്മിക്കപ്പെട്ടതാകും. മറ്റുചിലത് ഖരവസ്തുക്കളാലും, ചിലത് പൂര്‍ണമായും ലോഹങ്ങള്‍ നിറഞ്ഞതുമാകും. ഇവയില്‍ ചിലത് സൂര്യനെ വലംവയ്ക്കുന്നതിനിടയില്‍ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് നമുക്ക് ഭീഷണിയാകുന്നത്. അവയെയാണ് നിയര്‍-എര്‍ത്ത് ഓബ്ജെക്ട് എന്നു വിളിക്കുന്നത്. ജനുവരി ഒന്‍പതിന് രാവിലെ 7.47 ന് ആണ് ഭൂമിക്ക് ഏറ്റവും അരികിലൂടെ എജി13 കടന്നുപോയത്. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ (3.85 ലക്ഷം കിലോമീറ്റര്‍) ഏകദേശം പകുതി വരുമായിരുന്നു അത്. ദൂരം ഇതാണെങ്കിലും ഭൂമിയുടെ ഭ്രമണപഥത്തിലേക്കുള്ള ഇത്തരമൊരു കടന്നുകയറ്റം ഗവേഷകര്‍ക്ക് നേരത്തേ കണ്ടെത്താനാകാതെ പോയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ദശലക്ഷക്കണക്കിന് ഛിന്നഗ്രഹങ്ങള്‍ ചുറ്റിക്കറങ്ങുന്ന ബഹിരാകാശത്തു നിന്ന് ഏതുനിമിഷവും ഒരു ‘ആക്രമണം’ പ്രതീക്ഷിക്കാം. അത്തരമൊരു ദുരന്തം ഉണ്ടായാല്‍ നമ്മുടെ ഭൂമിയുടെ കഥ എന്താകുമെന്ന് ഓര്‍ത്തുനോക്കൂ…എന്തായാലും ഭൂമിയുടെയും മനുഷ്യരാശിയുടെയും അന്ത്യം ഇത്തരത്തില്‍ ആകാശത്തുനിന്നുള്ള ഈ അന്തകന്മാരുടെ കൈകൊണ്ട് ആയിരിക്കാം എന്നാണ് ശാസ്ത്രജ്ഞന്മാരില് ഒരു വിഭാഗം പറയുന്നത്.