ലണ്ടന്‍: ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ലോകത്തെ നൂറ് രാജ്യങ്ങളില്‍ വമ്പന്‍ സൈബര്‍ ആക്രമണം. നെറ്റ് വര്‍ക്കില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സുരക്ഷാ പഴുതുള്ള ഏത് കമ്പ്യൂട്ടറിലേക്കും കടക്കാന്‍ കഴിയുന്ന ‘wannacry’ എന്ന കമ്പ്യൂട്ടര്‍ വേമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ബിറ്റ്കോയിന് വഴി ഏകദേശം 19,000 രൂപ മുതല്‍ 38,000 രൂപ വരെയാണ് ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത്. ഡിജിറ്റല്‍ കറന്‍സി ആയതിനാല്‍ ബിറ്റ്കോയിന് നേടിയ കുറ്റവാളികളെ കണ്ടെത്തുക ദുഷ്കരമാണ്.

‘റാന്‍സംവെയര്‍’ ബാധിച്ച 75,000 കേസുകളാണ് ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സൈബര്‍ സുരക്ഷാ കമ്പനിയായ ‘അവാസ്റ്റ് ‘( avast ) പറയുന്നത്. മൈക്രോസോഫ്റ്റിലെ സുരക്ഷാ പഴുത് മുതലെടുക്കുന്നതിനായി അമേരിക്കന്‍ ചാര സംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് ആക്രമണം നടത്തിയതെന്നാണ് വിദഗ്ധര്‍ കരുതുന്നത്. ഇന്ത്യയിലെ കമ്പ്യൂട്ടറുകളെ ആക്രമണം ബാധിച്ചതായി ഇതുവരെയും അറിവായിട്ടില്ല. ബ്രിട്ടന്, യുഎസ്, റഷ്യ, ചൈന തുടങ്ങിയ വമ്പന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ നൂറ് രാജ്യങ്ങളെയും സൈബര്‍ ആക്രമണം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.