ലോകകപ്പ് മാമങ്കത്തിന് ഇനി മൂന്ന് നാള്‍; താരങ്ങളെയും ആരാധകരെയും വരവേല്‍ക്കാന്‍ റഷ്യ ഒരുങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing ലോകകപ്പ് മാമങ്കത്തിന് ഇനി മൂന്ന് നാള്‍; താരങ്ങളെയും ആരാധകരെയും വരവേല്‍ക്കാന്‍ റഷ്യ ഒരുങ്ങി

റഷ്യ: ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന് പന്തുരുളാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം. കളിക്കാനുള്ള വമ്പന്‍ ടീമുകള്‍ റഷ്യയിലേക്ക്് എത്തിക്കഴിഞ്ഞു. അര്‍ജന്റീനയും പോര്‍ച്ചുഗലും സ്പെയിനും തുടങ്ങിയ പ്രമുഖ ടീമുകളാണ് എത്തിയത്. താരങ്ങളെയും ആരാധകരെയും വരവേല്‍ക്കാന്‍ റഷ്യയിലെ പതിനൊന്ന് നഗരങ്ങളും സജ്ജമാണ്. അവസാനവട്ട ഒരുക്കങ്ങളിലും തന്ത്രങ്ങളുടെ ആസൂത്രണത്തിലുമാണ് ടീമുകള്‍. ലോകം ഒരു പന്തിലേക്ക് ചുരുങ്ങാന്‍ ഇനി നാല് രാപ്പകലുകള്‍ മാത്രം. റഷ്യയിലെ പതിനൊന്ന് നഗരങ്ങളിലെ പന്ത്രണ്ട് വേദികള്‍ കാല്‍പ്പന്ത് കളിയുടെ പുതിയ ചരിത്രത്തിന് സാക്ഷിയാകാന്‍ അണിഞ്ഞൊരുങ്ങി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. സ്പെയിനും ഇറാനും ദിവസങ്ങള്‍ക്ക് മുമ്പെ മോസ്‌കോയില്‍ വിമാനമിറങ്ങി. ലിയോണല്‍ മെസിയുടെ അര്‍ജന്റീനയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും തിങ്കളാഴ്ച പുലര്‍ച്ചയോടെ റഷ്യയിലെത്തി. ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാകുന്നതോടെ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ മുഴുവന്‍ ടീമുകള്‍ റഷ്യയില്‍ എത്തും. ലോകമെമ്പാടുമുള്ള ആരാധകരും അടുത്ത ദിവസങ്ങളില്‍ റഷ്യന്‍ തെരുവുകള്‍ കീഴടക്കും. ആരാധകരെയും താരങ്ങളെയും സ്വീകരിക്കാനുള്ള സര്‍വ്വ സന്നാഹങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഇന്റര്‍നാഷണല്‍ ബ്രോഡ്കാസ്റ്റിങ് സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോ നിര്‍വഹിച്ചു. ജൂണ്‍ പതിനാലിന് ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ഉദ്ഘാടന മത്സരം. ആതിഥേയരായ റഷ്യ സൗദി അറേബ്യയേയായിരിക്കും നേരിടുക. കിക്കോഫിന് മുമ്പ് രണ്ട് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ മോസ്‌കോയിലെ ലുസ്നിക്കി സ്റ്റേഡിയത്തില്‍ നടക്കും.

0Shares