ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം; സെഞ്ചുറികളുടെ എണ്ണത്തില്‍ ഗാംഗുലിയെ പിന്നിലാക്കി രോഹിത് ശര്‍മ്മ

  • Post category:news
  • Reading time:2 mins read
You are currently viewing ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം; സെഞ്ചുറികളുടെ എണ്ണത്തില്‍ ഗാംഗുലിയെ പിന്നിലാക്കി രോഹിത് ശര്‍മ്മ

സതാംപ്ടണ്‍: ലോകകപ്പില്‍ വിജയത്തിളക്കത്തോടെ ഇന്ത്യ തുടങ്ങി. ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയിലാണ് ഇന്ത്യയുടെ മിന്നുന്ന ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 15 പന്തുകള്‍ ബാക്കിനില്‍ക്കേ 47.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

വിജയറണ്‍സ് അടിച്ചെടുക്കുമ്പോഴും ഓപ്പണര്‍ രോഹിത് ശര്‍മ്മ ക്രീസിലുണ്ടായിരുന്നു. 144 പന്തില്‍ നിന്നും 13 ബൗണ്ടറികളും രണ്ട് സിക്‌സുകളുമടക്കം 122 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 128 പന്തില്‍ നിന്നാണ് 10 ഫോറും രണ്ട് സിക്‌സും സഹിതമാണ് രോഹിത് സെഞ്ചുറി നേടിയത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും അധികം സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രോഹിത് മൂന്നാമനായി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലിയെയാണ് (22) രോഹിത് മറികടന്നത്. സച്ചിനും (49) കോഹ് ലിയും (41) ആണ് ഒന്നും രണ്ടും സ്ഥാനക്കാര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. യൂസ്വേന്ദ്ര ചാഹല്‍ നാല് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഒരു ഘട്ടത്തില്‍ 89ന് അഞ്ച് എന്ന ദയനീയാവസ്ഥയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് വാലറ്റം നടത്തി ചെറത്തുനില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 42 റണ്‍സ് നേടിയ ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍, ബൂമ്ര എന്നിവര്‍ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ആറ് ഓവറിനിടെ തന്നെ ദക്ഷിണഫ്രിക്കന്‍ ഓപ്പണര്‍മാരായ ഹാഷിം അംല (6), ക്വിന്റണ്‍ ഡി കോക്ക് (10) എന്നിവരെ പുറത്താക്കി ബൂമ്ര ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കി. ആ തകര്‍ച്ചയില്‍ നിന്ന് കരകറാന്‍ അവര്‍ക്കായതുമില്ല.

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയാണ് ധവാന്‍(8) മടങ്ങിയത്. ഓഫ് സ്റ്റംപിന് പുറത്ത് വന്ന പന്ത് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ എഡ്ജായി കീപ്പറുടെ കൈകളിലെത്തുകയായിരുന്നു. രോഹിത്തുമായി 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം ക്യാപ്റ്റന്‍ വിരാട് കോലിയും(18) മടങ്ങി. ഫെഹ്ലുക്വാവോയുടെ ബാക്ക് ഓഫ് ലെങ്ത് പന്ത് തേര്‍ഡ് മാനിലേക്ക് കളിക്കാന്‍ ശ്രമിക്കുന്നതിടെ വിക്കറ്റിന് പിന്നില്‍ ഡി കോക്കിന്‍റെ തകര്‍പ്പന്‍ ക്യാച്ച്. നാലാം നമ്പറില്‍ എത്തിയ രാഹുല്‍, രോഹിതുമായി 85 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും റബാഡ പുറത്താക്കി. ഡുപ്ലസിക്കാണ് രാഹുലിന്‍റെ ക്യാച്ച്.

രോഹിതിനൊപ്പം ധോണിയെത്തിയതോടെ ഇന്ത്യ വീണ്ടും തിരിച്ചുവരവ് നടത്തി. രോഹിത് 128 പന്തില്‍ 23-ാം സെഞ്ചുറിയും തികച്ചു. എന്നാല്‍ 47-ാം ഓവറിലെ ആദ്യ പന്തില്‍ മോറിസ് ധോണിയെ(34) റിട്ടേണ്‍ ക്യാച്ചില്‍ പുറത്താക്കി. പിന്നാലെ രോഹിതും(122) ഹാര്‍ദികും(15) ചേര്‍ന്ന് 47.3 ഓവറില്‍ ഇന്ത്യയ്ക്ക് ആദ്യജയം സമ്മാനിച്ചു.

0Shares