ലോക അത്​ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: സീസണിലെ ഏറ്റവും മികച്ച സമയത്തോടെ മലയാളിക്കരുത്തില്‍ ഇന്ത്യ മിക്‌സഡ് റിലേ ഫൈനലില്‍; ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിനും യോഗ്യത

  • Post category:news
  • Reading time:1 min read
You are currently viewing ലോക അത്​ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: സീസണിലെ ഏറ്റവും മികച്ച സമയത്തോടെ മലയാളിക്കരുത്തില്‍ ഇന്ത്യ മിക്‌സഡ് റിലേ ഫൈനലില്‍; ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിനും യോഗ്യത

ദോഹയില്‍ നടക്കുന്ന ലോക അത്​ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സീസണിലെ ഏറ്റവും മികച്ച സമയത്തോടെ 4X400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍. രണ്ടാമത്തെ ഹീറ്റ്‌സില്‍ ഓടി മൂന്നാമതെത്തിയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. സീസണിലെ ഏറ്റവും മികച്ച സമയമായ മൂന്നു മിനിറ്റ് 16.14 സെക്കന്റില്‍ ഇന്ത്യന്‍ ടീം ഫിനിഷിങ് ലൈന്‍ തൊട്ടു.

മലയാളിക്കരുത്തിലായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ഇന്ത്യക്കായി മുഹമ്മദ് അനസ് യഹിയ, വിസ്മയ, ജിസ്‌ന മാത്യു, നോഹ് നിര്‍മ്മല്‍ ടോം എന്നിവരാണ് ട്രാക്കിലിറങ്ങിയത്. ഇതോടെ 2020-ല്‍ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിനും ഇന്ത്യന്‍ ടീം യോഗ്യത നേടി. ഫൈനലിന് യോഗ്യത നേടിയ ടീമുകളില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ.

മൂന്നു മിനിറ്റ് 12.42 സെക്കന്റില്‍ ഓടിയെത്തിയ അമേരിക്കന്‍ ടീമാണ് ഏറ്റവും മികച്ച സമയം കുറിച്ചത്. ലോക റെക്കോഡ് പ്രകടനമായിരുന്നു അമേരിക്കന്‍ ടീമിന്റേത്. ജമൈക്ക രണ്ടാമതും ബഹ്റൈന്‍ മൂന്നാമതുമായാണ് യോഗ്യത നേടിയത്.അതേസമയം വനിതകളുടെ ഹാമ്മര്‍ ത്രോയില്‍ അമേരിക്കയുടെ ഡിയാന പ്രൈസ് സ്വര്‍ണം നേടി. 77.54 മീറ്റര്‍ ഹാമ്മര്‍ പായിച്ചാണ് അമേരിക്കന്‍ താരത്തിന്‍റെ സ്വര്‍ണ നേട്ടം. മികച്ച വ്യക്തിഗത ദൂരം പിന്നിട്ട (76.35 മീ) പോളണ്ടിന്‍റെ ഡെന്ന പ്രൈസിനാണ് വെള്ളി. 74.76 മീറ്റര്‍ ദൂരവുമായി ചൈനയുടെ സെങ് വാങ് വെങ്കലം നേടി.

0Shares