ലിഗയുടെ കൊലപാതക അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍; പ്രതികള്‍ക്ക് കോവളത്തെ മയക്കുമരുന്ന് മാഫിയയുമായി ബന്ധം

  • Post category:news
  • Reading time:1 min read
You are currently viewing ലിഗയുടെ കൊലപാതക അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍; പ്രതികള്‍ക്ക് കോവളത്തെ മയക്കുമരുന്ന് മാഫിയയുമായി ബന്ധം

തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശിനി ലിഗയുടെ കൊലപാതകത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന. പ്രതികള്‍ക്ക് കോവളത്തെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും ഇവര്‍ക്ക് ലിഗയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ വൈരുദ്ധമായ മൊഴി കള്ളമെന്ന് പോലീസ് സ്ഥിരീകരിച്ചു. അന്വേഷണത്തില്‍ ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ നിര്‍ണായകമാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. ലിഗ കൊല്ലപ്പെട്ടുവെന്ന് കരുതപ്പെടുന്ന ദിവസം ഇവര്‍ നാല് പേരും വാഴമുട്ടത്തെ പൊന്തക്കാട്ടിലാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളും പൊലീസിന് കിട്ടിയതോടെ കൊലപാതകത്തിലെ ഇവരുടെ പങ്ക് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകം നടന്നുവെന്ന് സംശയിക്കുന്ന ദിവസം കോവളത്ത് നാലുപേരെയും കണ്ടവരുണ്ട്. പോത്തന്‍കോട് നിന്ന് കോവളത്ത് എത്തിയ ലിഗയെ തന്ത്രപരമായി വാഴമുട്ടത്ത് എത്തിച്ച് പീഡിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. ആരെയും വേഗത്തില്‍ വിശ്വസിക്കുന്ന ലിഗ ഇവരോടൊപ്പം കൊലപാതകം നടന്ന സ്ഥലത്തെത്തിയെങ്കിലും പീഡനശ്രമം ചെറുത്തു. ഇതോടെയാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കിട്ടാന്‍ വാഴമുട്ടത്ത് പുഴയിലും കരയിലും ഇന്നും തെരച്ചില്‍ നടത്തി. വാഴമുട്ടത്ത് നിന്നും കിട്ടിയ മുടിനാരിന്റെയും ലിഗയുടെ ആന്തരികാവയവങ്ങളുടെയും ശാസ്ത്രീയ പരിശോധനാ ഫലം കിട്ടുന്നതോടെ കാര്യങ്ങളില്‍ കുറേക്കൂടി വ്യക്തതവരും. പരമാവധി തെളിവുകള്‍ ശേഖരിച്ച് പ്രതികളെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ ഇനിയുള്ള നീക്കം.

0Shares