കൊച്ചി: പുതിയ സിനിമകള്‍ ലഭിക്കാത്തതിനാല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. വ്യാഴാഴ്ച്ച റിലീസ് ചെയ്ത ‘ജോമോന്റെ സുവിശേഷം’ എന്ന സിനിമ ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെതടക്കമുള്ള 23 തിയേറ്ററുകള്‍ക്ക് ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ഫെഡറേഷന്‍ മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചത്. തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം 50: 50 എന്ന അനുപാതത്തിലാക്കണമെന്നാവശ്യപ്പെട്ട് ഫിലിം ഫെഡറേഷനാണ് സമരവുമായി രംഗത്തിറങ്ങിയത്.

തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. സിനിമാ സമരത്തെ തുടര്‍ന്ന് ക്രിസ്മസ് റിലീസായിരുന്ന ‘ജോമോന്റെ സുവിശേഷം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, ഫുക്രി’ എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം തിയേറ്റര്‍ ഉടമകളുമായി ചേര്‍ന്ന് പുതിയ സംഘടന രൂപികരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരം പിന്‍വലിച്ചത്.
