
റാഫേല്‍ കരാറില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം. പുനഃപരിശോധന ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കരുത് എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ എതിര്‍പ്പ് സുപ്രീം കോടതി തള്ളി. കരാറുമായി ബന്ധപ്പെട്ട് ‘ദി ഹിന്ദു’ ദിനപത്രം പ്രസിദ്ധീകരിച്ച മൂന്ന് രേഖകള്‍ കോടതി തെളിവായി പരിഗണിക്കും.
ഈ രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ചോര്‍ത്തിയ രേഖകള്‍ പരിഗണിക്കാമെന്ന് ഉത്തരവിട്ടത്. പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതികള്‍ പിന്നീട് തീരുമാനിക്കും. തുറന്നകോടതിയിലായിരിക്കും ഹര്‍ജികളില്‍ വാദം കേള്‍ക്കുക.

റാഫേല്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണം ആവശ്യം ഇല്ല എന്ന സുപ്രീം കോടതി വിധിക്ക് എതിരെ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍, മനോഹര്‍ ലാല്‍ ശര്‍മ്മ, സഞ്ജയ് സിങ് എന്നിവര്‍ ആയിരുന്നു പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയത്. ഇതിന് പുറമെ കോടതിയെ മനപൂര്‍വ്വും തെറ്റ് ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി യശ്വന്ത് സിന്‍ഹ ഉള്‍പ്പടെ ഉള്ളവര്‍ പ്രത്യേക അപേക്ഷയും നല്‍കിയിരുന്നു.
പുനഃപരിശോധന ഹര്‍ജികളും പ്രത്യേക അപേക്ഷയും ഫയലില്‍ സ്വീകരിക്കാതെ തന്നെ തള്ളണം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.കരാറുമായി ബന്ധപ്പെട്ട് ‘ദ ഹിന്ദു’ പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയതാണെന്നും ഇത് ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കുറ്റകരമാണെന്നുമായിരുന്നു കേന്ദ്രത്തിന്‍റെ വാദം. ഇത് സുപ്രീം കോടതി അംഗീകരിച്ചില്ല.
