രാഹുലിന്‍റെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വം; കാത്തിരിക്കാന്‍ വയനാട് ഡി.സി.സിയ്ക്ക് നിര്‍ദ്ദേശം; ഒപ്പം കാത്തിരിപ്പുമായി കര്‍ണാടകയും തമിഴ്നാടും

  • Post category:news
  • Reading time:1 min read
You are currently viewing രാഹുലിന്‍റെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വം; കാത്തിരിക്കാന്‍ വയനാട് ഡി.സി.സിയ്ക്ക് നിര്‍ദ്ദേശം; ഒപ്പം കാത്തിരിപ്പുമായി കര്‍ണാടകയും തമിഴ്നാടും

വയനാട്ടിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുൽ ഗാന്ധി മൽസരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്ന്‍ ദിവസങ്ങൾ പിന്നിടുമ്പോഴും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ല. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കാത്തിരിക്കാനാണ് വയനാട് ഡി.സി.സിക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ഡൽഹിയിലുള്ള മുതിർന്ന നേതാക്കളുമായി നടത്തിയ ആശയ വിനിമയത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ നേത്രുത്വ തീരുമാനം വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചായിരുന്നു വയനാട് ഡി.സി.സി ഡൽഹിയിലെ മുതിർന്ന നേതാക്കളുമായി നേരില്‍ ബന്ധപ്പെട്ടത്.

അഥവാ രാഹുല്‍ ദക്ഷിണേന്ത്യയിൽ മത്സരിക്കുന്നെങ്കിൽ അതിന് കർണാടക തിരഞ്ഞെടുക്കണമെന്ന ആവശ്യവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. രാഹുലിനെ ദക്ഷിണേന്ത്യയിലേക്ക് ആദ്യം സ്വാഗതം ചെയ്തത് കര്‍ണാടകയിലെ കോണ്‍ഗ്രസാണ്. മത്സരിക്കുന്ന കാര്യം വീണ്ടും രാഹുലിനോട് ആവശ്യപ്പട്ടിട്ടുണ്ടെന്ന് കര്‍ണാടക പി.സി.സി പ്രസിഡന്‍റ് ദിനേശ് റാവു പ്രതികരിച്ചു.

രാജ്യത്ത് രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് അദ്ദേഹം തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ദക്ഷിണേന്ത്യയിൽ കര്‍ണാടകയില്‍ തന്നെ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കർണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും കര്‍ണാടക പി.സി.സി പ്രസിഡന്റ് ദിനേശ് ഗുണ്ട് റാവുവുമാണ് രാഹുലിനെ തെക്കെ ഇന്ത്യയിലേക്ക് ആദ്യം ക്ഷണിച്ചത്. നിലവില്‍ വയനാട് സീറ്റിൽ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനായി പരിഗണിക്കപ്പെടുന്നുണ്ടോ എന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ദിനേശ് ഗുണ്ട്റാവു വ്യക്തമാക്കുന്നു.

സംസ്ഥാനങ്ങളോട് കാത്തിരിക്കാൻ നിർദേശിക്കുമ്പോഴും രണ്ടാമതൊരു സീറ്റില്‍ മല്‍സരിക്കുന്നതില്‍ രാഹുല്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കേരളത്തിന്പുറമെ കര്‍ണാടകയും തമിഴ്നാടും രാഹുലിനായി ആവശ്യം ഉന്നയിച്ചിട്ടുണ്. ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കും തുല്യപരിഗണനയാണ് നല്‍കുന്നതെന്നും എ‌.ഐ.സി.സി വ്യക്തമാക്കുന്നു.

0Shares