രാജീവ് ഗാന്ധി വധം മോഡല്‍ മോദിയെയും വധിക്കാന്‍ പദ്ധതി; പുനെ പൊലീസിൻ്റെ നിര്‍ണായക വെളിപ്പെടുത്തല്‍

  • Post category:news
  • Reading time:1 min read
You are currently viewing രാജീവ് ഗാന്ധി വധം മോഡല്‍ മോദിയെയും വധിക്കാന്‍ പദ്ധതി; പുനെ പൊലീസിൻ്റെ നിര്‍ണായക വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ വധിച്ചതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധതിയിട്ടതായി പുനെ പൊലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. കോടതിയിലാണ് പൊലീസ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മോദിയുടെ റോഡ് ഷോയ്ക്കിടയില്‍ അദ്ദേഹത്തെ വധിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് മോദിയുടെ പേരെടുത്ത് പറയാതെയാണ് ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ഉജ്ജ്വല പവാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. ഇതിന്റെ സൂചനകള്‍ അടങ്ങുന്ന ഒരു കത്ത് ലഭിച്ചതായും പൊലീസ് അറിയിച്ചു. ഈ കത്ത് സിപിഐ(മാവോയിസ്റ്റ്) സെന്‍ട്രല്‍ കമ്മിറ്റി അംഗത്തിന്റേതാണെന്നാണ് പൊലീസ് കണ്ടെത്തല്‍. മാവേയിസ്റ്റ് ബന്ധം ആരോപിച്ച് പൂനെ പോലീസ് ദളിത് ആക്ടിവിസ്റ്റ് ഉള്‍പ്പെടെ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയിതിരുന്നു. അവരില്‍ ഒരാളുടെ വീട്ടില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് കത്ത് ലഭിച്ചത്. ഭീമ കോറിഗോണ്‍ കലാപവുമായി ബന്ധപ്പെട്ട് സുധീര്‍ ദവാല, റോണ ജേക്കബ് വില്‍സണ്‍, അഡ്വക്കേറ്റ് സുരേന്ദ്ര ഗാഡ്ലിംഗ്, ഷോമ സെന്‍, മഹേഷ് റൗട്ട് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇതില്‍ റോണ ജേക്കബ്ബിന്റെ വീട്ടില്‍ നിന്നുമാണ് കത്ത് കണ്ടെത്തിയത്. നാല് റൈഫിളും നാല് ലക്ഷം തിരയും വാങ്ങാന്‍ എട്ട് കോടി രൂപ വേണ്ടതായി കത്തില്‍ പറയുന്നു. രാജീവ് ഗാന്ധി കൊലക്കേസിന് സമാനമായ മറ്റൊരു കൊലപാതകത്തെക്കുറിച്ചും കത്തില്‍ പരാമര്‍ശം നടത്തുന്നുണ്ട്. പൂനെയിലെ ശനിവര്‍വാഡയില്‍ ദളിത് ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് എന്ന് പരിപാടിയ്ക്ക് സഹായം നല്‍കിയത് മാവോയിസ്റ്റുകളാണെന്നാണ് കത്തില്‍നിന്ന് വ്യക്തമായതെന്ന് പവാര്‍ പറഞ്ഞു.

0Shares