യുവതികളെ ജാമ്യത്തില്‍ വിട്ടതിനു പിന്നില്‍ കളളക്കളി; ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ ഷഫീക്ക് നീതിതേടി ഹൈക്കോടതിയിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing യുവതികളെ ജാമ്യത്തില്‍ വിട്ടതിനു പിന്നില്‍ കളളക്കളി; ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ ഷഫീക്ക് നീതിതേടി ഹൈക്കോടതിയിലേക്ക്

കൊച്ചി: യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ ഷഫീക്ക് നീതിതേടി ഹൈക്കോടതിയിലേക്ക്. യുവതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രമിട്ട് കേസെടുത്തതിനു പുറമേ, തനിക്കെതിരെ ജാമ്യമില്ലാത്ത കേസ് കൂടി ചുമത്തപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഷഫീക്കും കുടുംബവും തീരുമാനിച്ചത്. പട്ടാപ്പകല്‍ നഗരമധ്യത്തില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കമുളള തെളിവുകളും ദൃക്‌സാക്ഷി മൊഴികളുമുണ്ടായിട്ടും പൊലീസില്‍നിന്ന് തനിക്കു നീതികിട്ടിയില്ലെന്നാണ് ഷഫീക്കിന്റെ പരാതി. ഹരജിയെ തുടര്‍ന്ന് ഷെഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷെഫീക്ക് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ വിശദമായി വാദം കേള്‍ക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. യുവതികളുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തതിനെത്തുടര്‍ന്നാണു ഷെഫീക്ക് മുന്‍കൂര്‍ ജാമ്യം തേടിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ 354 -ാം വകുപ്പ് പ്രകാരമാണ് ഷെഫീക്കിനെതിരേ കേസെടുത്തിട്ടുള്ളത്. അതേസമയം ഷഫീക്കിനെ ആക്രമിച്ച യുവതികളെ നിസാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിനു പിന്നില്‍ കളളക്കളി നടന്നിട്ടുണ്ടെന്ന ആരോപണങ്ങളും ശക്തമായി. യുവതികള്‍ക്ക് ക്രിമനല്‍ പശ്ചാത്തലമുണ്ടെന്നും ഇതേപറ്റി അന്വേഷണം വേണമെന്നുമുളള ആവശ്യമുയരുന്നതും ഈ സാഹചര്യത്തിലാണ്. ഇതിനിടെ ഷഫീക്ക് സംഭവത്തിലെ പൊലീസ് വീഴ്ച സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ പ്രതിപക്ഷ സംഘടനകളും നീക്കം തുടങ്ങി.അതേസയം ഉബര്‍ ടാക്സി ഡ്രൈവറെ അക്രമിച്ച സംഭവത്തില്‍ കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മധ്യമേഖലാ ഐ.ജി പി വിജയനാണ് സ്പെഷല്‍ ബ്രാഞ്ചിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീകളുടെ അക്രമത്തിനിരയായ ടാക്സി ഡ്രൈവര്‍ ഷെഫീക്കിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസടുക്കാനിടയായ സാഹചര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്. പോലീസ് അന്വേഷണം സംബന്ധിച്ച് സാമൂഹ്യമാധ്യമാധ്യമങ്ങളില്‍ അടക്കം പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് മധ്യമേഖലാ ഐജി വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളെ അക്രമിച്ചു എന്ന പരാതിയില്‍ മരട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസും ടാക്സി ഡ്രൈവറുടെ പരാതിയില്‍ എടുത്ത കേസുമാണ് ഇവ. രണ്ട് വ്യത്യസ്ത എസ്.ഐമാരുടെ പരാതിയിലാണ് കേസ് അന്വേഷണം നടക്കുന്നത്.

0Shares